നഷ്ടപരിഹാരം 100 ശതമാനം ഉറപ്പ്
ഭാരത് മാല പദ്ധതിപ്രകാരം നിർമിക്കുന്ന നിർദിഷ്ട കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായുള്ള ത്രീ എ വിജ്ഞാപനം ഈ മാസം അവസാനത്തോടെ ഇറങ്ങും.
നേരത്തെ മലപ്പുറം ജില്ലാകലക്ടറായ വി. ആർ പ്രേം കുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള വിജ്ഞാപനത്തിന് പാത കടന്നുപോകുന്നയിടങ്ങളിലെ മുഴുവൻ ജനപ്രതിനിധികളുടെയും പിന്തുണ ലഭിച്ചിരുന്നു. ഇതനുസരിച്ച് ഭൂമിയേറ്റെടുക്കുന്നതിനായി ത്രീ എ വിജ്ഞാപനം ഇറക്കാനുള്ള നിർദേശവും യോഗത്തിൽ നൽകിയിരുന്നു.
എന്നാൽ ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ കാരണം ത്രീ എ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കാലതാമസമുണ്ടായി. നിലവിൽ കോഴിക്കോട് ജില്ലയിൽ വിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിൽ ഈ മാസം അവസാനത്തോടെ ഗ്രീൻഫീൽഡ് പാതയുടെ മലപ്പുറം ജില്ലയിലെ ത്രീ എ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടർ സി. പത്മചന്ദ്രകുറുപ്പ് പറഞ്ഞു. ത്രീ എ വിജ്ഞാപനം വരുന്നതോടെ ഗ്രീൻഫീൽഡ് പാതയുടെ സ്ഥലമേറ്റെടുപ്പ് പ്രവൃത്തികൾക്ക് വേഗംകൂടും.
പാലക്കാട് നിന്നാരംഭിച്ച് കോഴിക്കോട് പന്തീരങ്കാവിൽ അവസാനിക്കുന്ന പാതയ്ക്ക് 121 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിൽ 52.96 കിലോമീറ്റർ ദൂരം കടന്നുപോകുന്നത് ജില്ലയിലെ കൊണ്ടോട്ടി, ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ എന്നീ താലൂക്കുകളിലെ 15 വില്ലേജിലൂടെയാണ്. പദ്ധതിയ്ക്കായി ആകെ 547.41 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 236 ഹെക്ടർ പ്രദേശമാണ് മലപ്പുറം ജില്ലയിൽ നിന്ന് ഏറ്റെടുക്കേണ്ടതെന്നും ഡെപ്യൂട്ടി കലക്ടർ വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തതോടെ നിലവിലെ എറണാകുളം – സേലം, പനവേൽ – കന്യാകുമാരി ദേശീയപാതകളെ ബന്ധിപ്പിച്ചാണ് പുതിയ ഗ്രീൻഫീൽഡ് പാത നിർമിക്കുന്നത്. 45 മീറ്ററിൽ നിർമിക്കുന്ന പുതിയ ആറുവരി പാത ജില്ലയിലെ അവികസിത മേഖലത്തിലൂടെയാണ് കടന്നുപോകുക. നിർദിഷ്ട പാതയിൽ രണ്ടു റെയിൽവേ മേൽപ്പാലങ്ങളും നിലവിലെ റോഡിനെ ബന്ധിപ്പിച്ചുകൊണ്ട് അടിപാതകളും മേൽപാതകളും ഇരുവശത്തുമായി സർവീസ് റോഡുകളും ഉണ്ടാകും.
ഗ്രീൻഫീൽഡ് പാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി സാധ്യതാപഠനത്തിന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി.പി.എഫ് എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ കൺസൾട്ടന്റായി നിയമിച്ചിരുന്നു. ഇവരുടെ പഠന റിപ്പോർട്ട് ദേശീയപാത അതോറിറ്റി ഡെപ്യൂട്ടി കലക്ടർമാർക്ക് നൽകിയിട്ടുണ്ട്.
നഷ്ടപരിഹാരം 100 ശതമാനം ഉറപ്പ്
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാരത് മാല പദ്ധതിപ്രകാരം നിർമിക്കുന്ന കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് പാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തിലും പുനരധിവാസത്തിലും നൂറുശതമാനം ഉറപ്പാണ് സർക്കാർ നൽകുന്നത്. ഏറ്റെടുക്കുന്ന ഭൂമിയ്ക്കുള്ള നഷ്ടപരിഹാരത്തിൽ 25 ശതമാനം സംസ്ഥാന സർക്കാരും ബാക്കിതുക ദേശീയപാത അതോറിറ്റിയുമാണ് വഹിക്കുന്നത്.
ഗ്രീൻഫീൽഡ് പാതയ്ക്കായി ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച്ദേശീയപാത അതോറിറ്റിയ്ക്ക് കൺസൾട്ടൻസി കമ്പനി നൽകിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് പ്രദേശത്ത് ഫീൽഡ് സർവേ നടത്തി ഏറ്റെടുക്കേണ്ട ഭൂമി അടയാളപ്പെടുത്തും. ഇതിനുശേഷമാകും അലൈന്‍മെന്റില്‍ അന്തിമ വിജ്ഞാപനം. 3 ഡി അന്തിമവിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷമാകും ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം നൽകുക.
ഭൂമിയുടെ അടിസ്ഥാന വിലയെ ഗുണനഘടകം കൊണ്ടു ഗുണിച്ചാണ് നഷ്ടപരിഹാരതുക കണക്കാക്കുക. നഗരസഭാ അതിർത്തിയിൽ നിന്നുള്ള ദൂരമനുസരിച്ച് ഗ്രാമങ്ങളിൽ 1.2 മുതൽ രണ്ട് വരെയാകും ഗുണനഘടകം. ഒരുവർഷത്തിന് ശേഷമാണ് ഏറ്റെടുത്തഭൂമിയ്ക്ക് നഷ്ടപരിഹാരം നൽകുന്നതെങ്കിൽ അടിസ്ഥാന നിരക്കിനൊപ്പം 12 ശതമാനം കൂടി അധികമായി നൽകും.
ഭൂമി, കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാനിര്‍മിതികള്‍, കാര്‍ഷികവിളകള്‍, മരങ്ങള്‍ എന്നിവയ്ക്ക് വെവേറെയായാണ് നഷ്ടപരിഹാരം നല്‍കുക.
കൂടാതെ സമാശ്വാസമായി ഇതിന്റെ ഇരട്ടിതുകയും നല്‍കും.
പദ്ധതിയ്ക്കായി ഭൂമി നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിനു പുറമേ പുനരധിവാസത്തിനും അര്‍ഹതയുണ്ടാകും. വീട് നഷ്ടപ്പെടുന്നവര്‍ക്ക് 2.86 ലക്ഷവും വ്യാപാര സ്ഥാപനങ്ങള്‍ക്ക് 75,000 രൂപയും കാലിത്തൊഴുത്തിനും പെട്ടിക്കടകള്‍ക്കും 25,000 രൂപയും പുനരധിവാസ അധികമായി അനുവദിക്കും.