ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ ( ബാർക്ക്, മുംബൈ ) വച്ച നടന്ന 68-ാമത് സോളിഡ് സ്റ്റേറ്റ് സിമ്പോസിയത്തിൽ മികച്ച അവതരണത്തിനുള്ള പുരസ്കാരം കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് ഗവേഷക വിദ്യാർഥിയായ ജംഷീന സനത്തിന് ലഭിച്ചു. ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക് എനർജിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ ഇന്ത്യയിലെ മികച്ച ഗവേഷണ കേന്ദ്രങ്ങളിലെയും, സർവകലാശാലകളിലെയും, ഐ.ഐ.ടി., ഐ.ഐ.എസ്.ആർ. തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികൾ ഉൾപ്പെടെ 700-ൽ അധികം മത്സാരാർഥികളിൽ നിന്നാണ് ഈ അംഗീകാരം.
ഇന്ത്യയിലെ ശാസ്ത്ര ഗവേഷകരെ ഒരു വേദിയിൽ എത്തിക്കാനും നൂതനമായ ആശയങ്ങൾ പങ്കുവെക്കാനും വേണ്ടി 1957 ആരംഭിച്ച വേദിയാണ് ഈ സിമ്പോസിയം. ഡി.എസ്.ടി. – ഡബ്ല്യൂ.ഐ.എസ്.ഇ. ( DST – WISE ) ഫെല്ലോഷിപ്പോടു കൂടി സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് സീനിയർ പ്രഫസറായ ഡോ. പി.പി. പ്രദ്യുമ്നന്റെ കീഴിലാണ് ജംഷിന ഗവേഷണം നടത്തുന്നത്.
പാഴായിപ്പോകുന്ന താപോർജ്ജത്തെ വൈദ്യുതി ആക്കി മാറ്റാൻ കഴിവുള്ള തെർമോ ഇലക്ട്രിക്ക് പദാർത്ഥങ്ങളും അവയുടെ ക്ഷമത വർധിപ്പിക്കാനുള്ള മാർഗങ്ങളും ആണ് ഗവേഷണ മേഖല. ഹരിത ഗൃഹ പ്രഭാവം തുടർന്ന് ഉണ്ടാവുന്ന കാലാവസ്ഥ വ്യതിയാനം എന്നിവക്ക് കാരണമാകുന്ന ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപഭോഗത്തിൽ നിന്ന് മുക്തമാവാനും സുസ്ഥിര വികസന സങ്കല്പങ്ങളോട് ചേർന്ന് നിന്ന് കൊണ്ട് ഊർജ ഉത്പാദനം സാധ്യമാക്കാനും പര്യാപ്തമായ പദാർഥങ്ങളാണ് തെർമോ ഇലക്ട്രിക്ക് മെറ്റീരിയലുകൾ. കോപ്പർ ക്രോമിയം ഓക്സയിഡ് എന്ന മൂല പദാർത്ഥത്തിൽ മഗ്നീഷ്യം, സിങ്ക്, നിക്കൽ എന്നീ മൂലകങ്ങൾ ഒരുമിച്ചു ചേർക്കുമ്പോൾ ഘടനാപരവും ഗുണപരവും ആയ മാറ്റങ്ങളെ കുറിച്ചുള്ള പഠനമാണ് സമ്മാനാർഹമായത്.
ഇവയുടെ സംയോജിത പ്രവർത്തനങ്ങൾ മൂല പദാർത്ഥത്തിൽ നാനോ സുഷിരങ്ങൾ ഉണ്ടാകുകയും അത് വഴി താപ ചാലകത കുറച്ച് മെച്ചപ്പെട്ട ഊർജക്ഷമത കൈവരിക്കാനും ഈ ഗവേഷണം വഴി സാധിച്ചു. ഫാറൂഖ് കോളേജ് ഫിസിക്സ് വിഭാഗം മേധാവിയും കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് ഗവേഷക വിദ്യാർഥിയുമായ മിഥുൻ ഷായും ഈ ഗവേഷണത്തിൽ പങ്കാളിയാണ്.