മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു ; രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം ; ഓര്‍മയാകുന്നത് സാമ്പത്തിക രംഗത്തെ ഇതിഹാസം

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു. 92 വയസായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടന്‍ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു. 2004 മുതല്‍ 2014 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ മന്‍മോഹന്‍ സിങ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖമായാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓര്‍മ്മയാകുന്നത്. രാജ്യത്ത് സര്‍ക്കാര്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ദില്ലിയിലേക്കെത്തി.

നിലവില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ചാക്വാള്‍ ജില്ലയിലുള്ള ഗാഹ് ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26 നാണ് മന്‍മോഹന്റെ ജനനം. പിതാവ് ഗുര്‍മുഖ് സിങ്, മാതാവ് അമൃത് കൗര്‍. ഉണക്കപ്പഴങ്ങളുടെ മൊത്തക്കച്ചവടക്കാരനായിരുന്നു പിതാവിന്. ഗാഹിലെ എലിമെന്ററി സ്‌കൂളിലായിരുന്നു മന്‍മോഹന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെത്തിയ മന്‍മോഹന്‍ സിങ്ങിന്റെ കുടുംബം അമൃത്‌സറിലേക്ക് മാറി.

പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ഇന്റര്‍മീഡിയറ്റും ധനതത്വശാസ്ത്രത്തില്‍ ബിഎയും എംഎയും ഒന്നാം റാങ്കോടെ പാസായ മന്‍മോഹന്‍, കേംബ്രിജ്, ഓക്‌സ്ഫഡ് സര്‍വകലാശാലകളില്‍ ഉപരിപഠനവും നടത്തി. പഞ്ചാബ്, ഡല്‍ഹി സര്‍വകലാശാലകളില്‍ അധ്യാപകനായും ജോലി ചെയ്തു. ഇതിനിടെ 3 വര്‍ഷം യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റിന്റെ സാമ്പത്തിക വിദ്ഗ്ധനായി സേവനമനുഷ്ഠിച്ചു. 1972ല്‍ ധനവകുപ്പില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അദ്ദേഹം, 1976ല്‍ ധനമന്ത്രാലയം സെക്രട്ടറിയായി. 1980-82 കാലയളവില്‍ ആസൂത്രണ കമ്മിഷന്‍ അംഗമായിരുന്നു. 1982ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി.

1991 ല്‍ നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴാണു റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന മന്‍മോഹന്‍ സിങ്ങിനെ ധനമന്ത്രിയാക്കിയത്. മന്‍മോഹന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തകര്‍ച്ചയിലേക്കു പോകുകയായിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി.

2004 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ സോണിയ ഗാന്ധി തയാറാകാതിരുന്നതിനെ തുടര്‍ന്ന് ആ ചുമതല മന്‍മോഹനിലേക്കെത്തി. 2004 മേയ് 22നു പ്രധാനമന്ത്രിയായി ആദ്യതവണ സത്യപ്രതിജ്ഞ ചെയ്തു. 2009 ല്‍ പ്രധാനമന്ത്രിപദത്തില്‍ രണ്ടാമൂഴം. 2014 മേയ് 26ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു. അസമില്‍ നിന്നുളള രാജ്യസഭാംഗം എന്ന നിലയ്ക്കാണ് മന്‍മോഹന്‍സിങ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്. അദ്ദേഹം ലോക്‌സഭയില്‍ അംഗമായിട്ടില്ല.

ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായതാണ് പിന്നീട് പ്രവര്‍ത്തിച്ചത്. 1991 മാര്‍ച്ച് മാസത്തില്‍ യുജിസി ചെയര്‍മാനായിരന്നു. 1991 ജൂണില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ധനമന്ത്രിയാവാന്‍ പുതിയ പ്രധാനമന്ത്രി നരസിംഹ റാവു ക്ഷണിച്ചു. അങ്ങനെയാണ് രാഷ്ട്രീയത്തിലെത്തിയത്. 1998-2004 കാലത്ത് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായി. 2004ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഡിഎംകെ, ആര്‍ജെഡി, എന്‍സിപി, തുടങ്ങി മറ്റു ചെറു പാര്‍ട്ടികളെയും തുന്നിച്ചേര്‍ത്ത് കോണ്‍ഗ്രസ് യുപിഎ മുന്നണി രൂപീകരിച്ചു. 60 എംപിമാരുമായി ഇടതു പാര്‍ട്ടികള്‍ പുറമേ നിന്ന് പിന്തുണച്ചു.

തനിക്ക് ലഭ്യമായ പ്രധാനമന്ത്രി സ്ഥാനം നിരസിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയായി നിര്‍ദേശിച്ചതോടെയാണ് അദ്ദേഹം ഈ പദവിയിലെത്തിയത്. ആദ്യമായി ഒരു സിഖ് മതസ്ഥനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിയതിലൂടെ സിഖ് വിരോധം തണുപ്പിക്കാനും സോണിയ ഗാന്ധിക്ക് കഴിഞ്ഞു. തുടര്‍ഭരണം നേടി 2014 വരെ അധികാരത്തില്‍ തുടര്‍ന്നു. ശേഷം രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. ഇക്കഴിഞ്ഞ ഏപ്രിലില്‍ രാജ്യസഭാഗത്വം ഒഴിഞ്ഞു.

മൂന്ന് പെണ്‍ മക്കളുടെ പിതാവാണ് അദ്ദേഹം. മൂത്ത മകള്‍ ഉപീന്ദര്‍ സിങ് ദില്ലി സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം മേധാവിയായിരുന്നു. രണ്ടാമത്തെ മകള്‍ ദമന്‍ സിങ് എഴുത്തുകാരിയാണ്. ഇളയ മകള്‍ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനില്‍ സ്റ്റാഫ് അറ്റോര്‍ണിയാണ്.

error: Content is protected !!