ഡല്‍ഹി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തുന്നതിനിടെ ശശി തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവം. വിദേശ യാത്രയില്‍ നിന്ന് മടങ്ങിയെത്തിയ വ്യക്തിയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിനിടെയാണ് തരൂരിന്റെ പിഎ ശിവകുമാര്‍ പിടിയിലായത്. പി എ അടക്കം രണ്ട് പേരെയാണ് പിടികൂടിയത്. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം അറസ്റ്റ് ഞെട്ടിച്ചതായി ശശി തരൂര്‍ പ്രതികരിച്ചു. തന്റെ മുന്‍ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്റെ വിശദീകരണം. നിലവില്‍ തന്റെയൊപ്പം പാര്‍ട്ട്-ടൈം ആയി ജോലിചെയ്യുന്നതായും തരൂര്‍ ട്വീറ്റിലൂടെ അറിയിച്ചു
വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. 72കാരനായ ശിവകുമാര്‍ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും വിരമിച്ചിട്ടും പാര്‍ട്ടം ടൈം സ്റ്റാഫായി നിലനിര്‍ത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു. ധര്‍മശാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവരം അറിയുന്നത്. തെറ്റായ പ്രവര്‍ത്തിയെ ഒരിക്കലും ന്യായീകരിക്കുന്നില്ലെന്നും അന്വേഷണത്തിലും തുടര്‍നടപടിയിലും കസ്റ്റംസ് അധികൃതര്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും ശശി തരൂര്‍ പ്രതികരിച്ചു.