നാല് മണിയോടെ സൈറണ്‍ മുഴങ്ങും ; സംസ്ഥാനത്ത് ഇന്ന് മോക് ഡ്രില്‍ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ…

മലപ്പുറം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ ഇന്ന് സംസ്ഥാനത്ത് 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും വൈകുന്നേരം നടക്കും. പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ നാളുകളില്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.

മോക് ഡ്രില്‍ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നാല് മണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സൈറണ്‍ മൂന്ന് വട്ടം നീട്ടി ശബ്ദിക്കും. സൈറണ്‍ ശബ്ദം കേല്‍ക്കുന്ന ഇടങ്ങളിലും, കേള്‍ക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയില്‍ ആണ് മോക്ക്ഡ്രില്‍ നടത്തേണ്ടതെന്ന് അറിയിപ്പില്‍ വ്യക്തമാക്കി. എയര്‍ വാണിങ് ലഭിക്കുന്നതോടെ ജില്ലാ ആസ്ഥാനങ്ങളില്‍ സൈറണ്‍ മുഴങ്ങും. ഷോപ്പിങ് മാളുകള്‍, സിനിമ തിയറ്ററുകള്‍ എന്നിവയുള്‍പ്പെടെ തിരക്കേറിയ സ്ഥലങ്ങളിലായിരിക്കും ഡ്രില്‍ സംഘടിപ്പിക്കുക.

കേന്ദ്ര നിര്‍ദേശം അനുസരിച്ച് സൈറണ്‍ ഇല്ലാത്ത ഇടങ്ങളില്‍ ആരാധനാലയങ്ങളിലെ അനൗണ്‍സ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാം. 4.28 മുതല്‍ സുരക്ഷിതം എന്ന സൈറണ്‍ 30 സെക്കന്‍ഡ് മുഴങ്ങും. സ്‌കൂളുകളിലും ബേസ്മെന്റുകളിലും കമ്യൂണിറ്റി ഹാളുകളിലും പ്രഥമശുശ്രൂഷാ കിറ്റുകള്‍ തയാറാക്കണം.

സൈറണുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ടായിരിക്കും പ്രവര്‍ത്തിപ്പിക്കുക. മോക്ക് ഡ്രില്ലില്‍ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തില്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശമുണ്ട്. റസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തുകളും മോക്ക് ഡ്രില്‍ വാര്‍ഡന്‍മാരെ നിയോഗിക്കണം. സിവില്‍ ഡിഫന്‍സ്, ആപ്ത മിത്ര എന്നിവരുടെ വിന്യാസം അഗ്‌നിരക്ഷാസേനയുമായി ആലോചിച്ച് നടപ്പാക്കാനും നിര്‍ദേശമുണ്ട്.

മാധ്യമങ്ങള്‍ എല്ലാ ജില്ലയിലേയും സൈറണുകള്‍ പ്രാദേശികമായി ലൈവ് ടെലികാസ്റ്റ് ചെയ്യണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു. നാല് മണിക്കും, 4.30നും ഇടയില്‍ സ്‌പെഷ്യല്‍ ക്ലാസ്, ട്യൂഷന്‍ സെന്റര്‍, കായിക വിനോദ ക്ലാസുകള്‍ എന്നിവയില്‍ പഠിക്കുന്ന കുട്ടികള്‍ അതാത് സ്ഥാപനങ്ങള്‍ക്ക് ഉള്ളില്‍ തന്നെ തുടരണം എന്ന് അഭ്യര്‍ഥിക്കുന്നു.

മോക്ക് ഡ്രില്‍ സമയത്ത് വീടുകളിലെ വെളിച്ചം ഓഫാക്കണം (ബ്ലാക്ക് ഔട്ട്). കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കുക. വീടുകളില്‍ നിന്ന് വെളിച്ചം പുറത്തുപോകാതിരിക്കാന്‍ ജനലുകളില്‍ കട്ടിയുള്ള കാര്‍ഡ്‌ബോര്‍ഡുകളോ കര്‍ട്ടനുകളോ ഉപയോഗിക്കുക. വീടിനുള്ളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്ത് അവിടേക്കു മാറുക. ജനാലകളുടെ സമീപം മൊബൈല്‍ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കരുത്. ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്പോള്‍ തന്നെ ഗ്യാസ്/വൈദ്യുതി ഉപകരണങ്ങള്‍ ഓഫാക്കുക.

error: Content is protected !!