മികച്ച സ്‌റ്റോറേജിനോടൊപ്പം ചാര്‍ജിങ്ങും ഡിസ്ചാര്‍ജിങ്ങും ലഭ്യമാക്കുന്ന സൂപ്പര്‍ കപ്പാസിറ്ററിന്റെ കണ്ടുപിടിത്തത്തിന് കാലിക്കറ്റ് സര്‍വകലാശാലക്ക് പേറ്റന്റ്. കെമിസ്ട്രി പഠനവകുപ്പ് പ്രൊഫസര്‍ ഡോ. എ.ഐ. യഹിയ, ഗവേഷണ വിദ്യാര്‍ഥി ശിവകൃഷ്ണ പ്രകാശ് എന്നിവരാണ് പദ്ധതിക്ക് പിന്നില്‍ പ്രയത്‌നിച്ചത്. ഊര്‍ജ സംഭരണത്തിനായി ഉപയോഗിക്കുന്ന രണ്ട് സാങ്കേതിക വിദ്യകളാണ് സൂപ്പര്‍ കപ്പാസിറ്ററുകളും ലിഥിയം – അയണ്‍ ബാറ്ററികളും. ചാര്‍ജ് സംഭരിക്കാനുള്ള കഴിവും ചാര്‍ജ് ചെയ്യാനും ഡിസ്ചാര്‍ജ് ചെയ്യാനുമുള്ള സമയ വ്യത്യാസവും അടിസ്ഥാനമാക്കി ഇവ രണ്ടും വ്യത്യസ്ത ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.
ലിഥിയം – അയണ്‍ ബാറ്ററികള്‍ വലിയ അളവില്‍ ചാര്‍ജ് സ്റ്റോര്‍ ചെയ്യുമെങ്കിലും അവയ്ക്ക് ചാര്‍ജ് ചെയ്യാനും ഡിസ്ചാര്‍ജ് ചെയ്യാനും സമയം കൂടുതല്‍ വേണം. സ്ഥിരതയും കുറവാണ്. എന്നാല്‍ സൂപ്പര്‍കപ്പാസിറ്ററുകളില്‍ ബാറ്ററിയുടെ അത്ര ചാര്‍ജ് സ്റ്റോര്‍ ചെയ്യാന്‍ സാധിക്കില്ലെങ്കിലും വളരെ വേഗത്തില്‍ ചാര്‍ജിങ്ങും ഡിസ്ചാര്‍ജും നടക്കും. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ചാര്‍ജ് ലഭിക്കേണ്ട ആവശ്യത്തിന്, ഉദാഹരണത്തിനു ഒരു വാഹനം ഇലക്ട്രിക് സ്റ്റാര്‍ട്ട് വഴി സ്റ്റാര്‍ട്ട് ചെയ്യുന്നതിനു ഈ സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഉപയോഗിക്കുന്നു. മൊത്തത്തിലുള്ള ഊര്‍ജ്ജ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സൂപ്പര്‍കപ്പാസിറ്ററുകള്‍ പലപ്പോഴും ബാറ്ററികളുമായി സംയോജിപ്പിച്ചും ഉപയോഗിക്കാറുണ്ട്. ഇത് ഊര്‍ജ്ജത്തിന്റെ കൂടുതല്‍ കാര്യക്ഷമമായ ഉപയോഗം സാധ്യമാക്കുന്നു.
ലിഥിയം – അയണ്‍ ബാറ്ററികളുടെ ചാര്‍ജ് സ്റ്റോറേജ് കപ്പാസിറ്റിയും സൂപ്പര്‍ കപ്പാസിറ്ററുകളുടെ ചാര്‍ജിങ് ഡിസ്ചാര്‍ജിങ് വേഗതയും സ്റ്റബിലിറ്റിയും ഒത്തിണങ്ങുന്ന ഒരുപകരണം ഉണ്ടാക്കുന്നതിനായി മികച്ച ഊര്‍ജ സംഭരണിയായ പോളി അനിലിനാണ് കാലിക്കറ്റിലെ ഗവേഷകര്‍ തിരഞ്ഞെടുത്തത്. ഇതിനെ റെഡ്യൂസ് ചെയ്ത ഗ്രാഫിന്‍ ഒക്‌സൈഡുമായി സംയോജിപ്പിച്ച് ഒരു സിസ്റ്റം തയ്യാറാക്കി. അതില്‍ സള്‍ഫര്‍, നൈട്രജന്‍ എന്നിവ ഉപയോഗിച്ച് ഡോപ് ചെയ്ത് വ്യത്യസ്ത മെറ്റീരിയല്‍ ഉണ്ടാക്കുകയും അവയുടെ ചാര്‍ജ് സ്റ്റോറേജ്, ചാര്‍ജിങ് ഡിസ്ചാര്‍ജിങ് കപ്പാസിറ്റി എന്നിവ പഠിക്കുകയും ചെയ്തു.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ മെറ്റീരിയല്‍ കൊണ്ട് ഉണ്ടാക്കുന്ന സൂപ്പര്‍കപ്പാസിറ്ററുകള്‍ ലിഥിയം – അയണ്‍ ബാറ്ററികളോട് കിടപിടിക്കുന്ന ഡിവൈസുകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. 5000 സൈക്കിള്‍ ചാര്‍ജിങ്ങും ഡിസ്ചാര്‍ജിങ്ങും നടത്തിയാലും 99% സ്റ്റബിലിറ്റി ഇവ കാണിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഇലക്ട്രോണിക് മേഖലയിലെ നൂതന ആവശ്യങ്ങള്‍ക്ക് വളരെ വില കുറഞ്ഞ രീതിയില്‍ ബാറ്ററികള്‍ക്ക് പകരമായി ഉപയോഗിക്കാന്‍ സാധിക്കും.