ലോക്സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ; ഏപ്രില്‍ നാല് വരെ പത്രിക നല്‍കാം, പത്രിക സമര്‍പ്പണത്തിന് നിബന്ധനകള്‍

സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ (മാര്‍ച്ച് 28) പുറത്തിറക്കും. മലപ്പുറം ജില്ലയില്‍ മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച നോട്ടീസ് അതത് വരണാധികാരികള്‍ രാവിലെ പ്രസിദ്ധീകരിക്കും. നാളെ (വ്യാഴം) രാവിലെ 11 മുതല്‍ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു തുടങ്ങും.

ബന്ധപ്പെട്ട മണ്ഡലത്തിന്റെ വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നല്‍കേണ്ടത്. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ വരണാധികാരി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠനാണ് പൊന്നാനി മണ്ഡലത്തിന്റെ വരണാധികാരി. മലപ്പുറം മണ്ഡലത്തിനായി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) നെയും പൊന്നാനി മണ്ഡലത്തിനായി ജില്ലാ രജിസ്ട്രാറെയും പത്രിക സ്വീകരിക്കാന്‍ അധികാരമുള്ള ഉപവരണാധികാരികളായി നിശ്ചയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്. ഇവിടെ വയനാട് ജില്ലാ കളക്ടറാണ് വരണാധികാരി.

നാളെ് (വ്യാഴം) മുതല്‍ ഏപ്രില്‍ നാല് വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ പത്രിക സ്വീകരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി ദിനങ്ങളിലായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ പത്രിക സ്വീകരിക്കില്ല.

പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ച് രാവിലെ 11ന് നടക്കും. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടാകും. എട്ടിന് വൈകീട്ട് മൂന്നു മുതല്‍ ചിഹ്നം അനുവദിക്കും. തുടര്‍ന്ന് ഏപ്രില്‍ 26 ന് തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

പത്രികാ സമര്‍പ്പണം

സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ പിന്തുണയ്ക്കുന്നയാള്‍ക്കോ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. പിന്തുണയ്ക്കുന്നയാള്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടറായിരിക്കണം. അംഗീകൃത ദേശീയ-സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ ഒരാള്‍ മാത്രം പിന്തുണച്ചാല്‍ മതി. മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും 10 വോട്ടര്‍മാരുടെ പിന്തുണ ഉണ്ടായിരിക്കണം. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി നാല് പത്രിക വരെ നല്‍കാവുന്നതും രണ്ട് ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കാവുന്നതുമാണ്.

പത്രിക സമര്‍പ്പിക്കുമ്പോള്‍ ഫോറം 26 ലുള്ള സത്യവാങ്മൂലം മുദ്രപത്രത്തില്‍ തയ്യാറാക്കി നോട്ടറി അല്ലെങ്കില്‍ ഒന്നാം ക്ലാസ് മജിസട്രേറ്റ് സാക്ഷ്യപ്പെടുത്തി നല്‍കണം. സാക്ഷ്യപത്രത്തില്‍ സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത, സ്വത്ത് വിവരങ്ങള്‍, ക്രിമിനില്‍ പശ്ചാത്തലം, രാഷ്ട്രീയ കക്ഷി ബന്ധം, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരം എന്നിവ ഉള്‍പ്പെടുത്തണം. ഇത്തരത്തില്‍ സ്ഥാനാര്‍ത്ഥി സമര്‍പ്പിക്കുന്ന സാക്ഷ്യപത്രം പൊതുജനങ്ങളുടെ അറിവിലേക്കായി വരണാധികാരി പ്രസിദ്ധീകരിക്കും.

പത്രിക സമര്‍പ്പിക്കുമ്പോള്‍ 25,000 രൂപ ചലാനായോ പണമായോ കെട്ടിവെക്കണം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന സാഹചര്യത്തില്‍ 12,500 രൂപ കെട്ടിവെച്ചാല്‍ മതി.

പത്രിക സമര്‍പ്പണത്തിന് ആള്‍ബലം വേണ്ട

അഞ്ച് പേര്‍ക്ക് മാത്രമാണ് പത്രിക സമര്‍പ്പിക്കുന്ന സമയത്ത് വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശിക്കാന്‍ അനുവാദം ലഭിക്കുക. വരണാധികാരിയുടെ ഓഫീസിന് 100 മീറ്റര്‍ ചുറ്റളവില്‍ മൂന്ന് വാഹനങ്ങള്‍ക്കാണ് പ്രവേശനത്തിന് അനുമതിയുള്ളത്.

ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തണം

ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട കേസ് സംബന്ധിച്ച വിവരം സ്ഥാനാര്‍ത്ഥി സ്വന്തം നിലയില്‍ മാധ്യമങ്ങളിലൂടെ മൂന്ന് തവണ പ്രസിദ്ധപ്പെടുത്തേണ്ടതും ഇലക്ഷന്‍ കമ്മീഷനെ അറിയിക്കേണ്ടതുമാണ്. ഇതിന് പുറമെ ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ ക്രമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തണം.

സത്യപ്രതിജ്ഞ

പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള സത്യപ്രതിജ്ഞ വരണാധികാരി മുമ്പാകെ എടുക്കണം. വരണാധികാരി മുമ്പാകെ ഹാജരാകാന്‍ സാധിക്കാത്ത പക്ഷം ബന്ധപ്പെട്ട അംഗീകൃത അധികാരികള്‍ മുമ്പാകെ സത്യപ്രതിജ്ഞ എടുക്കണം.

എ, ബി ഫോറങ്ങളും വോട്ടര്‍പട്ടികയിലെ പേരും

സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത വ്യക്തിയാണെങ്കില്‍ ഏത് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലോണോ ഉള്ളത് ആയതിന്റെ പകര്‍പ്പ് പത്രികയോടൊപ്പം സമര്‍പ്പിക്കണം. അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന-ദേശീയ സെക്രട്ടറി നല്‍കുന്ന ഫോറം എ, ഫോറം ബി എന്നിവ പത്രികയോടൊപ്പം സമര്‍പ്പിക്കണം.

ഇവര്‍ സ്ഥാനാര്‍ത്ഥികളാവരുത്

സ്ഥാനാര്‍ത്ഥികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ, സര്‍ക്കാര്‍ വേതനം കൈപ്പറ്റുന്നവരോ, സര്‍ക്കാരുമായി ഏതെങ്കിലും കരാറില്‍ ഏര്‍പ്പെട്ടവരോ, ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യരാക്കിയവരോ, മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചവരോ ആകരുത്.

കണക്ക് വേണം

പത്രിക സമര്‍പ്പണത്തിന് തലേദിവസം മുമ്പായി സ്ഥാനാര്‍ത്ഥി സ്വന്തം പേരിലോ, സ്ഥാനാര്‍ത്ഥിയുടെയും ഏജന്റിന്റെയും കൂട്ടായ പേരിലോ ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കണം. തുടര്‍ന്ന് തിരഞ്ഞെടുപ്പ് സംബന്ധിച്ച് വരുന്ന എല്ലാ പണമിടപാടുകള്‍ക്കും ഈ അക്കൗണ്ടാണ് ഉപയോഗിക്കേണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് പരമാവധി 95 ലക്ഷം രൂപയാണ് ചെലവഴിക്കാന്‍ സാധിക്കുക. ചെലവഴിക്കുന്ന തുകയ്ക്ക് കൃത്യമായി രസീതുകളും വൗച്ചറുകളും സൂക്ഷിക്കുകയും ഓരോ ദിവസത്തെയും കണക്കുകള്‍ ബന്ധപ്പെട്ട രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യണം. കൂടാതെ വരണാധികാരി ആവശ്യപ്പെടുമ്പോള്‍ ഈ വിവരങ്ങള്‍ ഹാജരാക്കേണ്ടതുമാണ്. ഇത്തരത്തില്‍ കണക്കുകള്‍ ബോധിപ്പിക്കാതിരിക്കുന്നവര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 10 പ്രകാരം നടപടി സ്വീകരിക്കും.

പ്രചാരണവുമായി ബന്ധപ്പെട്ട് അച്ചടിക്കുന്ന പോസ്റ്ററുകള്‍ ബാനറുകള്‍ നോട്ടീസുകള്‍ എന്നിവയില്‍ പ്രിന്റര്‍, പ്രസാധകര്‍, എന്നിവരുടെ പേരുകള്‍ കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. പ്രചാരണ വാഹനത്തിന് കൃത്യമായി പെര്‍മിറ്റ് ഉണ്ടായിരിക്കുകയും പെര്‍മിറ്റ് സംബന്ധിച്ച വിവരം വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിക്കേണ്ടതുമാണ്.

പത്രിക സമര്‍പ്പണത്തിന് ആപ്പും

നാമനിര്‍ദ്ദേശപത്രികയും സത്യവാങ്മൂലവും സമര്‍പ്പിക്കുന്നതിനും പൊതുപരിപാടികള്‍, റാലികള്‍ മറ്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവക്കുള്ള അനുമതി തേടുന്നതിനുമായി കമ്മീഷന്റെ സുവിധ അപ്ലിക്കേഷനോ suvidha.eci.gov.in എന്ന വെബ്‌സൈറ്റോ ഉപയോഗപ്പെടുത്താം. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, വിന്‍ഡോസ് എന്നിവയില്‍ സുവിധ ആപ്പ് ലഭ്യമാണ്. സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്ക് സുവിധയിലൂടെ അപേക്ഷ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികക്കൊപ്പം കെട്ടിവെക്കേണ്ട തുക ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനവുമുണ്ട്. തുടര്‍ന്ന് ലോഗിന്‍ ചെയ്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ നാമനിര്‍ദ്ദേശത്തിന്റെ സ്ഥിതി പരിശോധിക്കാനും പ്രചാരണത്തിന് ആവശ്യമായ അനുമതികളുടെ ലിസ്റ്റുള്‍പ്പടെ കാണാനും കഴിയും. സ്ഥാനാര്‍ഥിത്വത്തിനുള്ള അനുമതി ലഭിച്ചതിനുശേഷം പകല്‍ 11 നും മൂന്ന് മണിക്കും ഇടയില്‍ സ്ഥാനാര്‍ഥികള്‍ നേരിട്ട് ഹാജരായി ഓണ്‍ലൈനായി സമര്‍പ്പിച്ച നാമനിര്‍ദ്ദശ പത്രികയുടെ പ്രിന്റ് റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിക്കണം.

error: Content is protected !!