വെളിമുക്കിൽ 3 കുടുംബങ്ങൾ കൂടി കാരുണ്യ ഭവനത്തിലേക്ക്

മുന്നിയൂർ: വെളിമുക്ക് ഗ്രീന്‍ വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും റഹ്മ റിലീഫ് സെല്‍ കൂഫയും സംയുക്തമായി നിര്‍മ്മിച്ച മൂന്ന് ബൈത്തുറഹ്മകള്‍ ഇന്ന് അവകാശികള്‍ക്ക് കൈമാറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്ന് മണിക്ക് കൂഫയിലെ വി മൊയ്തീന്‍ കുട്ടി ഹാജി നഗറില്‍ നടക്കുന്ന കുടുംബ സദസ്സില്‍ മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ കൈമാറും. ചടങ്ങില്‍ മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, കെ കുട്ടി അഹമ്മദ് കുട്ടി, പി.കെ നവാസ്, സി.പി അബ്ദുള്ള ഹാജി, അഡ്വ.പി.വി മനാഫ്, എം.എ ഖാദര്‍ സംബന്ധിക്കും.
രണ്ട് മണിക്ക് നടക്കുന്ന കുടുംബ സംഗമം വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ സറീന ഹസീബ് ഉദ്ഘാടനം ചെയ്യും. കുടുംബ സംഗമത്തില്‍ ഹസീം ചെമ്പ്ര, ടി.പി.എം ബഷീര്‍ പ്രസംഗിക്കും.
ട്രസ്റ്റ് ഒരു ബൈത്തുറഹ്മ വില്ലേജ് ഇതിന് മുമ്പ് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. എട്ട് കുടുംബങ്ങള്‍ ഈ വില്ലേജില്‍ താമസിച്ചു വരുന്നു. ഇനിയും നാല് കുടുംബങ്ങള്‍ക്കുള്ള ഒരു ഫ്ളാറ്റിന്റെ രൂപകല്‍പ്പനയിലാണ്.
ആംബുലന്‍സ് സര്‍വ്വീസ്, മെഡിക്കല്‍ എക്വിപ്‌മെന്റ്സ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, വളണ്ടിയര്‍ വിംഗ്, റിലീഫ് വിംഗ് എന്നിവക്ക് നേതൃത്വം നല്‍കുന്ന ഗ്രീന്‍ വിഷനും, കൂഫയിലെ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റഹ്മ റിലീഫ് സെല്ലും ചേര്‍ന്നാണ് ഇപ്പോള്‍ മൂന്ന് ബൈതുറഹ്മ കൂടി പണി പൂര്‍ത്തിയാക്കി വാസയോഗ്യമാക്കിയിരിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ യു ഷംസുദ്ധീന്‍, കെ.പി മുബാറഖ്, ഫൈസല്‍ മദീന എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

error: Content is protected !!