
കോട്ടക്കൽ: തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ ടയർ പൊട്ടി അപകടത്തിൽപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന എംഎൽഎയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 2:00 മണിയോടെ ദേശീയപാത 66-ൽ കോട്ടക്കൽ കോഴിച്ചെനയിൽ വെച്ചായിരുന്നു അപകടം.
മണ്ഡലമായ തൃക്കരിപ്പൂരിൽ നിന്നും സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങവേയാണ് എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ അപ്രതീക്ഷിതമായി പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു.
എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ, തൊട്ടുപുറകിൽ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലുണ്ടായിരുന്ന കുടുംബങ്ങളും പരിക്കുകളുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടവിവരമറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ഗതാഗതം സുഗമമാക്കുകയും ചെയ്തു. പുലർച്ചെ നടന്ന വലിയൊരു അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
