തിരൂരിൽ നിങ്ങളെ നിരീക്ഷിക്കാൻ ക്യാമറ, നിയമ ലംഘകരും സാമൂഹ്യ ദ്രോഹികളും കുടുങ്ങും

തിരൂർ: മോഷ്ടാക്കളും പിടിച്ചുപറിക്കാരും നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരും മറ്റ് സാമൂഹികവിരുദ്ധരും തിരൂരിലെത്തിയാൽ കുടുങ്ങും. നഗരത്തിൽ രണ്ടിടത്തായി നിരീക്ഷണക്യാമറ വ്യാഴാഴ്ച രാവിലെ കൺതുറക്കും. തിരക്കേറിയ സെൻട്രൽ ജങ്ഷൻ, താഴേപ്പാലം എന്നിവിടങ്ങളിൽ രണ്ടുവീതം സി.സി.ടി.വി. ക്യാമറകളാണ് സ്ഥാപിച്ചത്.

ദൃശ്യങ്ങൾ തത്സമയം പോലീസ് സ്റ്റേഷനിലെ സ്ക്രീനിൽ തെളിയും. ക്യാമറ സ്ഥാപിക്കാൻ തീരുമാനമെടുത്തുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം നീളുകയായിരുന്നു. താമസിയാതെ നഗരത്തിലെ ആറു ജങ്ഷനുകളിലായി 15 ക്യാമറകൾ കൂടി സ്ഥാപിക്കും. നഗരത്തിൽ സി.സി.ടി.വി. ക്യാമറകളില്ലാത്തതിനാൽ മോഷ്ടാക്കളുടെ ശല്യം പെരുകിയിരുന്നു. വാഹനമോഷ്ടാക്കളെ പോലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തിരൂർ നഗരസഭയും മാജിക്ക് ക്രിയേഷൻസ് എന്ന കമ്പനിയും തിരൂർ പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്‌. വ്യാഴാഴ്ച രാവിലെ 11-ന് തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ ഉദ്ഘാടനം ചെയ്യും.

ജില്ലാശുപത്രിക്ക് പുതിയ പാർക്കിങ് സംവിധാനം

: നഗരത്തിലെ അനധികൃത പാർക്കിങ് തടയാൻ തിരൂർ ട്രാഫിക് ഉപദേശകസമിതി യോഗം തീരുമാനിച്ചു. ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളുടെ വാഹനങ്ങൾ ഇനി നഗരസഭാ ഓഫീസിനു മുമ്പിലെ നഗരസഭാ കെട്ടിടത്തിന്റെ അനുബന്ധ കെട്ടിടം പണിയാൻവെച്ച സ്ഥലത്ത് ഫീസടച്ച് പാർക്ക് ചെയ്യാനും തീരുമാനിച്ചു. തിരൂർ-ചമ്രവട്ടം റോഡരികിൽ ഗതാഗതതടസ്സമുണ്ടാക്കുന്ന കേബിളുകളും തൂണുകളും മാറ്റും. ഗൾഫ് മാർക്കറ്റിലെ വാഹന പാർക്കിങ് ക്രമീകരിക്കും. തിരൂർ തെക്കുംമുറിയിലെ വിവാദ ബസ് സ്റ്റോപ്പ് ഉചിതമായ സ്ഥലത്തേക്ക് മാറ്റും. യോഗത്തിൽ നഗരസഭാധ്യക്ഷ എ.പി. നസീമ, ആർ.ഡി.ഒ. പി. സുരേഷ്, സി.ഐ. എം.ജെ. ജിജോ, തഹസിൽദാർ പി. ഉണ്ണി, ട്രാഫിക് എസ്.ഐ. കാർത്തികേയൻ, എം.വി.ഐ.എ. അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.

error: Content is protected !!