പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ സിപിഎമ്മിലേക്ക് സ്വീകരണം നൽകിയ യൂത്ത് ലീഗ് നേതാവ് ചൂടാറും മുമ്പേ തിരിച്ചു പോയി

നന്നമ്പ്ര: കഴിഞ്ഞ ദിവസം സി പി എം താനൂർ ഏരിയ സമ്മേളനത്തിൽ പാർട്ടിയിലേക്ക് സ്വീകരിച്ച യൂത്ത് ലീഗ് സംസ്‌ഥാന കൗണ്സിൽ അംഗം ജാഫർ പനയത്തിൽ ആണ് 24 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും മാതൃ സംഘടനയിലേക്ക് തിരിച്ചു പോയത്. വെള്ളിയാമ്പുറം സ്വദേശിയായ ജാഫർ തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ്, നന്നംബ്ര പഞ്ചായത്ത് എം എസ് എഫ്, യൂത്ത് ലീഗ് സ്ഥാനങ്ങളും വഹിച്ചിരുന്നു. കഴിഞ്ഞ ജില്ല കൗണ്സിലിൽ യൂത്ത് ലീഗ് ജില്ല ഭാരവാഹിത്വം പ്രതീക്ഷിച്ചെങ്കിലും കിട്ടാത്തതിൽ നിരാശനയിരുന്നു. ഇതേ തുടർന്ന് മണ്ഡലം നേതൃത്വം ഇടപെട്ട് സംസ്ഥാന കൗണ്സിലർ സ്ഥാനം നൽകി. ലീഗ്, യൂത്ത് ലീഗ് നേതാക്കൾ ജില്ലാ കമ്മിറ്റിയിൽ എങ്ങനെയെങ്കിലും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് ലീഗ് കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്യുകയും 2 പേരെ പാണക്കാട് സാദിഖ് അലി തങ്ങളെ കാണാൻ ചുമതപ്പെടുത്തുകയും ചെയ്തിരുന്നത്രെ. അതിനിടെയാണ് സി പി എം നേതൃത്വവുമായി ജാഫർ ചർച്ച നടത്തിയത്. പ്രാദേശിക നേതാക്കൾ മുഖേന സി പി എം ജില്ല സെക്രെറ്ററിയേറ്റ് അംഗം ഇ. ജയനുമായി ചർച്ച നടത്തി. അർഹമായ പരിഗണന വാഗ്ദാനം നൽകിയതായാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താനൂർ ഏരിയ സമ്മേളനത്തിൽ വെച്ച് സ്വീകരണം നൽകിയത്. കേന്ദ്ര കമ്മിറ്റി അംഗം പി കെ സൈനബ രക്ത ഹാരം അണിയിച്ചു പാർട്ടി പതാക കൈമാറിയാണ് സ്വീകരിച്ചത്. ഇന്ത്യയിൽ പ്രതീക്ഷ ഇനി ഇടത്തുപക്ഷമാണെന്നു സ്വീകരണത്തിൽ ജാഫർ പ്രസംഗിക്കുകയും ചെയ്തിരുന്നു. ചിത്രങ്ങളും വീഡിയോയും പുറത്തു വന്നതോടെയാണ് ലീഗ് പ്രവർത്തകർ വിവരമറിയുന്നത്. പ്രവർത്തകർ ലീഗ് നേതാക്കളെ പ്രതിഷേധം അറിയിച്ചു. ലീഗ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ചർച്ചയായി. യൂത്ത് ലീഗ് നേതാക്കളും ജാഫറിന്റെ ബന്ധുക്കളും ഇടപെട്ടാണ് പാർട്ടിയിലേക്ക് തിരിച്ചെത്തിച്ചത്. പാണക്കാട് മുനവ്വർ അലി തങ്ങളുടെ അടുത്തെത്തിച്ചു സംഭവിച്ചു പോയ തെറ്റിൽ ക്ഷമാപണം നടത്തി.

blob:http://tirurangaditoday.in/4e0b8cbf-2c01-4fc8-b3a4-2e65b9f4f778
ലീഗിൽ തിരിച്ചെത്തിയ ജാഫറിനെ പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ സ്വീകരിക്കുന്നു
blob:http://tirurangaditoday.in/46432428-66f6-4714-818d-374abf21c226

ലീഗ് നേതൃത്വം ആശ്വാസത്തിൽ

ഉന്നത നേതാക്കളുടെ നേതൃത്വത്തിൽ സി പി എമ്മിലേക്ക് സ്വീകരിക്കപ്പെട്ടയാളെ ഉടനെ പാർട്ടിയിലേക്ക് തിരിച്ചെത്തിച്ച പ്രാദേശിക നേതൃത്വത്തിന്റെ നടപടിയിൽ ജില്ല ലീഗ് നേതൃത്വം സന്തോഷം പ്രകടിപ്പിച്ചു. പാർട്ടി സമ്മേളനങ്ങളുടെ ഭാഗമായി , ലീഗിൽ ഇടഞ്ഞു നിൽക്കുന്ന പ്രവർത്തകരെയും നേതാക്കളെയും പാർട്ടിയിൽ എത്തിക്കുന്നത് സി പി എം സജീവമാക്കിയത് ലീഗ് നേതൃത്വത്തിന് ഭീഷണി ആയിരുന്നു. ജില്ല ലീഗ് ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്ക് വൻ വാഗ്ദാനങ്ങൾ നൽകിയാണ് പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമം നടത്തിയത്. നന്നംബ്ര യിൽ ഉന്നത നേതാവ് സ്വീകരണം നൽകിയ ആൾ ഉടനെ തിരിച്ചു പോയത് സി പി എമ്മിന് നാണക്കേടായി എന്നാണ് ലീഗിന്റെ വിലയിരുത്തൽ. ഇനി ഇത്തരത്തിൽ പാർട്ടി അണികളെ അടർത്തി എടുക്കാനും സ്വീകരണം നൽകാനും സി പി എം എടുത്തു ചാടി തീരുമാനിക്കില്ല എന്ന ആശ്വാസത്തിലാണ് ലീഗ്‌. അതേ സമയം, ഇനി മറ്റു പാർട്ടിയിൽ നിന്ന് കൊണ്ട് വരുന്നവരെ നിലനിർത്താൻ ജാഗ്രത പാലിക്കണമെന്നാണ് സി പി എം താഴെക്കടിയിൽ നൽകിയ നിർദേശം.

error: Content is protected !!