Monday, August 18

പഞ്ചായത്ത് വാഹനം മാലിന്യ കൂമ്പാരത്തിൽ തള്ളിയ സംഭവം: സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

നന്നമ്പ്ര പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുളള വാഹനം മാലിന്യ കൂമ്പാരത്തില്‍ തള്ളിയതില്‍ സി പി എം നന്നമ്പ്ര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
കുണ്ടൂർ ഓട് കമ്പനി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ സിപിഐ എം താനൂർ ഏരിയ കമ്മിറ്റി അംഗം കെവിഎ കാദർ ഉദ്ഘാടനം ചെയ്തു. കെ ബാലന്‍ അധ്യക്ഷനായി.
നന്നമ്പ്ര പഞ്ചായത്ത് അംഗം പി. പി ഷാഹുല്‍ ഹമീദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പ്രസാദ്, വി കെ ഹംസ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ ഗോപാലന്‍ സ്വാഗതവും സി ഷാഫി നന്ദിയും പറഞ്ഞു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM


പഞ്ചായത്തിൽ പുതിയ വാഹനം വാങ്ങിയതിനെ തുടർന്ന് പഴയ വാഹനം കൊടിഞ്ഞി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നല്‍കാമെന്ന് സർക്കാരിൽ അറിയിച്ചാണ് മാലിന്യ കേന്ദ്രത്തിൽ തള്ളിയത്. ബുധനാഴ്ച രാവിലെയാണ് നന്നമ്പ്ര പഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള വാഹനം കൊടിഞ്ഞിയിൽ ചവറ്റുകൂനയിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. പഞ്ചായത്ത് ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കുന്ന താത്കാലിക ഷെഡ്ഡിൽ ടാർപോളിൻ മൂടിയ നിലയിലാണ് വാഹനം ഉണ്ടായിരുന്നത്.
നിലവില്‍ പാലിയേറ്റീവ് രോഗികളെ ചികിത്സിക്കുന്നതിനും മറ്റും കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തകര്‍ വാഹനം വാടകക്കെടുത്താണ് യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ വാഹനത്തിന്‍റെ ഇന്ധന ചെലവും, ഡ്രെെവറെയും, വാഹനത്തിനുണ്ടാകുന്ന അറ്റകുറ്റ പണികളുടെയും പൂര്‍ണ്ണ ചെലവും ഉത്തരവാദിത്വവും പഞ്ചായത്ത് ഏറ്റെടുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആവശ്യങ്ങള്‍ക്കായി ഈ വാഹനം ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് സിപി എം നന്നമ്പ്ര ലോക്കല്‍ ലോക്കല്‍ കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.
രജിസ്ട്രേഷൻ, ഇൻഷൂറൻസ്, നികുതി എന്നിവയുടെ കാലാവധി പൂർത്തിയാകാത്ത വാഹനമാണ് പഞ്ചായത്ത് ഭരണ സമിതിയുടെയും അധികൃതരുടെയും ഒത്താശയോടെ മാലിന്യത്തിൽ തള്ളിയിരിക്കുന്നത്.

error: Content is protected !!