അബുദാബി: ഇന്നലെ (ചൊവ്വ) അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ‘ഡ്രീം 12 മില്യൺ’ സീരീസ് 239 റാഫിൾ നറുക്കെടുപ്പിൽ അജ്മാനിൽ താമസിക്കുന്ന മലപ്പുറം മേലാറ്റൂർ സ്വദേശി മുജീബ് ചിറത്തൊടിക്കും കൂട്ടുകാർക്കും പെരുന്നാൾ സമ്മാനമായി കോടികൾ ലഭിച്ചു.
ഏപ്രിൽ 22 ന് വാങ്ങിയ 229710 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. മുജീബും കൂട്ടുകാരും ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്. സമാനത്തുക കൃത്യമായി പങ്കുവയ്ക്കും. അതേസമയം, മറ്റ് രണ്ട് ഇന്ത്യൻ പ്രവാസികൾക്കും ഇതേ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചു. ദുബായിൽ താമസിക്കുന്ന വിശ്വനാഥൻ ബാലസുബ്രഹ്മണ്യൻ രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം നേടി. 072051 നമ്പർ ടിക്കറ്റ് ഏപ്രിൽ 26-നായിരുന്നു വിശ്വനാഥൻ വാങ്ങിയത്. റാസൽഖൈമയിലെ മലയാളി ജയപ്രകാശ് നായർ മൂന്നാം സമ്മാനമായ 100,000 ദിർഹവും കീശയിലാക്കി. ഏപ്രിൽ 21 ന് എടുത്ത ടിക്കറ്റ് നമ്പർ 077562 ആണ് ഭാഗ്യം കൊണ്ടുവന്നത്.
‘ഇത് അപ്രതീക്ഷിതമാണ്. ഒരു കോടീശ്വരനാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയാണ്. കടം വീട്ടാനുണ്ട്. വർഷങ്ങളോളം ഇവിടെ ജോലി ചെയ്തതിന് ശേഷം കേരളത്തിൽ സ്വന്തമായി ഒരു വീട് പണിയാൻ സാധിച്ചു. അതിന്റെ വായ്പകൾ തിരിച്ചടയ്ക്കാനുണ്ട്. വായ്പാ കുടിശികകളെല്ലാം തീർക്കാം എന്നത് സന്തോഷം പകരുന്നു. റമസാൻ പ്രാർഥനകൾക്ക് ഉത്തരം ലഭിച്ചു എന്നാണ് വിശ്വസിക്കുന്നത്. എന്റെ അമ്മയുടെയും കുടുംബത്തിന്‍റെയും പ്രാർഥന ദൈവം കേട്ടെന്ന് കരുതുന്നു’ മുജീബ് ചിരത്തൊടി പറഞ്ഞു.
1996 മുതൽ സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മുജീബ് 2006 ലാണ് യുഎഇയിലെത്തിയത്. അൽ നഖ കുടിവെള്ള കമ്പനിയിൽ ടാങ്കർ ഡ്രൈവറാണ് 49കാരൻ. പിതാവ് നേരത്തെ മരിച്ചു. ഉമ്മയും നാല് സഹോദരിമാരും ഭാര്യയും നാല് കുട്ടികളുമുണ്ട്. രണ്ട് പെൺകുട്ടികളും രണ്ട് ആൺമക്കളുമാണുള്ളത്.
രണ്ടു വർഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നു. 10 പേരടങ്ങുന്ന സംഘമാണ് ഇപ്രാവശ്യം ടിക്കറ്റ് വാങ്ങിയത്. കൂടുതലും മലയാളികളാണ്. സംഘത്തിൽ പാക്കിസ്ഥാനികളും ബംഗ്ലാദേശികളും ഉണ്ട്. എല്ലാവരും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർ. ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാർഡിൽ നിന്ന് കോൾ വന്നപ്പോൾ മുജീബ് വാഹനത്തിൽ ഡീസൽ നിറയ്ക്കാൻ പമ്പിലായിരുന്നു. അതിനാൽ ഫോണെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് തിരികെ വിളിച്ചപ്പോൾ കേട്ട വിവരം അവിശ്വസനീയമായിരുന്നു. സുഹൃത്തുക്കൾ വിളിച്ചപ്പോഴായിരുന്നു എല്ലാം യാഥാർഥ്യമാണമെന്ന് ബോധ്യമായത്.