ചേറൂർ സ്കൂളിൽ നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു

വേങ്ങര :ചേറൂർ പി. പി. ടി. എം. വൈ ഹയർസെക്കന്റ്റി സ്കൂൾ  ഭൂമിത്രസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഴയകാല ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചു.

 ജീവിത ശൈലി രോഗങ്ങളുടെ ഉറവിടങ്ങളായ ന്യുജെൻ ഫാസ്റ്റ് ഫുഡിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും  പഴയകാല ഭക്ഷ്യവസ്തുക്കളുടെ മേന്മകളെ കുറിച്ചും കുട്ടികളിൽ  അവബോധം സൃഷ്ടിക്കുക എന്നതാണ് മേളയിലൂടെ   ലക്ഷ്യം വെക്കുന്നത്.
ചാമ , ഈന്ത്, പനയുടെ പൊടി, കൂവപൊടി തുടങ്ങിയവ കൊണ്ടുള്ള പരമ്പരാഗതമായ വിഭവങ്ങളും, ദാരിദ്രത്തിന്റെ കാലഘട്ടത്തിൽ നന്നായി ഉപയോഗിച്ചിരുന്ന വാഴക്കല്ല ഉപ്പേരി, കപ്പത്തൊലി തോരൻ, അടക്കമുള്ള നൂറോളം വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.
ശിഫാന കെ.കെ, ജാഷിറ കാപ്പൻ, സ്വദീഖ കെ., ശ്രീഷ്ന ടി പി എന്നിവരുടെ നേതൃത്വത്തിലുള്ള ഭൂമിത്ര സേന ക്ലബ് അംഗങ്ങളാണ് ആണ്  മേള സംഘടിപ്പിച്ചത്.വിഭവങ്ങൾ തയ്യാറാക്കുന്ന വിവരങ്ങൾ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനവും  മേളയുടെ ഉൽഘാടനവും  കണ്ണമംഗലം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു. എൻ. ഹംസ നിർവഹിച്ചു.

 ബർഗറിനും സാൻവിച്ചിനും പകരമുണ്ടായിരുന്ന നാലുമണിവിഭവങ്ങൾ, പണ്ടു മുതൽ ഉപയോഗിച്ചുവരുന്ന വ്യത്യസ്തതരം ചമ്മന്തികൾ തുടങ്ങിയവയെല്ലാം തന്നെ പ്രദർശനത്തിൽ സ്ഥാനം പിടിച്ചു..
കൂടാതെ ഒരു കാലത്ത് നമ്മുടെ ഇഷ്ട വിഭവമായിരുന്ന കപ്പയും മത്തിയും,പാനീയങ്ങളായ മോരും വെള്ളം, സർബത്ത്, വത്തക്ക വെള്ളം തുടങ്ങി ഒട്ടുമിക്ക ഇനങ്ങളും തുച്ഛമായ വിലക്ക് രുചിച്ചുനോക്കാൻ അവസരം ഉണ്ടായിരിന്നു.
വിൽപ്പനയിൽ നിന്നും ലഭിച്ച പണം ചാരിറ്റിക്കും പ്രകൃതി സംരക്ഷണത്തിനുമായി മാറ്റിവെക്കുമെന്ന് സംഘാടകർ അറിയിച്ചു..
 പരിപാടിയിൽ  സ്കൂൾ പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽഗഫൂർ അധ്യക്ഷതവഹിച്ചു ,മാനേജർ എ കെ സൈനുദ്ദീൻ മാസ്റ്റർ , പി.ടി.എ പ്രസിഡൻറ് പൂക്കുത്ത് മുജീബ്, ഹെഡ്മാസ്റ്റർ മജീദ്  പറങ്ങോടത്ത്, പി.കെ.മൊയ്തീൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.കോഓർഡിനേറ്റർമാരായ കെ.ടി അബ്ദുൽ ഹമീദ്  സ്വാഗതവും ശിഹാബ് വലിയോറ നന്ദിയും പറഞ്ഞു.

error: Content is protected !!