തിരൂരങ്ങാടി: മലബാർ സമര ചരിത്രത്തിലെ പ്രസിദ്ധമായ തിരൂരങ്ങാടി കിഴക്കേ പള്ളിയുടെ ചിത്രം പ്രകാശനം ചെയ്തു. മലബാർ വിപ്ലവത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് തിരൂരങ്ങാടി യങ് മെൻസ് ലൈബ്രറിയിൽ സ്ഥാപിക്കുന്ന ആലി മുസ്ല്യാർ സ്മാരക ആർട്ട് ഗ്യാലറിയിൽ സ്ഥാപിക്കുന്നതിന് വരച്ചു പൂർത്തിയാക്കിയ ചിത്രം ബഷീർ കാടേരി ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ എ.എം.നദ്‌വി ക്ക് നൽകിക്കൊണ്ട് അധ്യാപകനും ഗവേഷകനുമായ ഡോ. അനീസുദ്ദീൻ അഹ്‌മദ് വി , അഷ്റഫ് കെ മാട്ടിൽ എന്നിവരുടെ സാന്നിധ്യത്തിൽ ഔപചാരികമായി പ്രകാശനം ചെയ്തു. സമാന്തരമായി നിരവധി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും എഴുത്തുകാരും സംയുക്തമായി സോഷ്യൽ മീഡിയ പ്രകാശനച്ചടങ്ങിൽ പങ്കാളികളായി.
മലബാർ വിപ്ലവ നായകൻ ആലി മുസ്‌ലിയാരുടെ ആസ്ഥാനമായിരുന്ന ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടി കിഴക്കേപ്പള്ളി നവീകരണത്തിന് വേണ്ടിയാണ് വർഷങ്ങൾക്ക് മുമ്പ് പൊളിച്ചു പുതുക്കി പണിതത്.
ചരിത്ര പ്രധാനമായ തിരൂരങ്ങാടി കിഴക്കേ പള്ളിയുടെ പഴയ ചിത്രങ്ങളും ലഭ്യമല്ല. പ്രശസ്ത ഫോട്ടോഗ്രാഫറും ചിത്രകാരനുമായ ബഷീർ കാടേരിയാണ് ചിത്രം വരച്ചത്. തിരൂരങ്ങാടി കിഴക്കേപള്ളിയുടെ തൊട്ടുമുമ്പിലായി കുട്ടിക്കാലം മുതൽ താമസിക്കുന്ന ബഷീർ കാടേരി തന്റെ കുട്ടിക്കാല ഓർമകൾ ചികഞ്ഞെടുത്താണ് ചിത്രരചന പൂർത്തിയാക്കിയത്.
മികച്ച ഫോട്ടോഗ്രാഫിക്കുള്ള സംസ്ഥാന ലളിതകലാ അക്കാദമി അവാർഡ് ജേതാവായ ബഷീർ കാടേരി ഫൈൻ ആർട്ട്സിൽ ബിരുദധാരിയും ചിത്രകാരനുമാണ്.