‘കരുതലും കൈത്താങ്ങും’: തിരൂര്‍ താലൂക്കില്‍ തീര്‍പ്പാക്കിയത് 234 പരാതികള്‍

തിരൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി തിരൂര്‍ താലൂക്കില്‍ സംഘടിപ്പിച്ച ‘കരുതലും കൈത്താങ്ങും’ അദാലത്തില്‍ തീര്‍പ്പാക്കിയത് 234 പരാതികള്‍. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ തിരൂര്‍ വാഗണ്‍ ഗ്രാജഡി സ്മാരക ടൗണ്‍ ഹാളില്‍ നടത്തിയ അദാലത്തില്‍ 832 പരാതികളാണ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ പരിഗണിക്കാവുന്ന 144 പരാതികളില്‍ അനുകൂലമായ തീര്‍പ്പുണ്ടാക്കി.

58 ഭിന്നശേഷിക്കാരുടെ പരാതികള്‍ ഉള്‍പ്പടെ പുതുതായി 553 പരാതികളാണ് അദാലത്ത് ദിവസം ലഭിച്ചത്. ഇതില്‍ 90 പരാതികള്‍ ഉടന്‍ തന്നെ പരിഹരിച്ചു. ശേഷിക്കുന്ന പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി കൈമാറി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടു.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഏറെയും പരാതികള്‍. 186 പരാതികളാണ് ഉണ്ടായിരുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പാണ് രണ്ടാം സ്ഥാനത്ത്. 137 പരാതികള്‍. കൂടാതെ നഗരസഭകളുമായി ബന്ധപ്പെട്ട് 56 പരാതികളും താനൂര്‍ വില്ലേജുമായി ബന്ധപ്പെട്ട് 70 പരാതികളും അദാലത്തില്‍ ലഭിച്ചു.

error: Content is protected !!