ചെമ്മാട് സന്മനസ്സ് റോഡ് റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം നാടിന്റെ ഉത്സവമായി

തിരൂരങ്ങാടി: ചെമ്മാട് സന്മനസ് റോഡ് റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച സമ്പൂർണ കുടുംബ സംഗമം അക്ഷരാർത്ഥത്തിൽ നാടിന്റെ ഉൽസവമായി മാറി. അസോസിയേഷന്റെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ചെമ്മാട് ഗ്രീൻ ലാന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമമാണ് വിഭവ വൈവിധ്യം കൊണ്ടും ജനബാഹുല്യം കൊണ്ടും നവ്യാനുഭവമായി മാറിയത്. ചെമ്മാട് സന്മനസ്സ് റോഡിലെ കുടുംബങ്ങളിൽ നിന്നുള്ള ആയിരത്തിൽ പരമാളുകൾ സംഗമത്തിൽ പങ്കെടുത്തു.
പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സൈബർ വിദഗ്ദനുമായ രംഗീഷ് കടവത്ത് സംഗമം ഉദ്ഘാടനം ചെയ്തു. ജീർണതകളുടെ വേലിയേറ്റം കൊണ്ട് ഇരുളടഞ്ഞ വർത്തമാന സാമൂഹ്യ ചുറ്റുപാടിൽ, നിഷിദ്ധമായതും വിശുദ്ധമായതും വിവേചിച്ചറിയാനുള്ള വിദ്യാഭ്യാസമാണ് പുതുതലമുറകൾക്ക് നമ്മൾ പകർന്ന് നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നന്മകളെ ചേർത്ത് പിടിക്കാനും തിന്മകളോട് ചെറുത്ത് നിൽക്കാനും അവർ പരിശീലിക്കപ്പെടണം. മൂല്യച്യുതികളുടെ പഴുതടച്ച് തലമുറകൾക്ക് ദിശാബോധം നൽകിയില്ലെങ്കിൽ സമീപ ഭാവിയിൽ നമ്മളെ കാത്തിരിക്കുന്നത് വൻ ദുരന്തമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ലഹരി പിടിമുറുക്കുന്ന പുതിയ കാലത്ത്‌ മാതാപിതാക്കളുടെ പക്വമായ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം ഉണർത്തി‌.
ലോക റെക്കോർഡ് ജേതാവ് ഡോ.ലൈലാ ബീഗം, മികച്ച സാമൂഹ്യ സേവനത്തിനുള്ള ഡോ.അബ്ദുൽ കലാം അവാർഡ് ജേതാവ് ഡോ. കബീർ മച്ചിഞ്ചേരി എന്നിവരെയും പ്രദേശത്തെ മുതിർന്ന തലമുറയെയും സാമൂഹ്യ പ്രവർത്തകരെയും വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയവരെയും സംഗമത്തിൽ ആദരിച്ചു. ഡോ. കെ സി മുഹമ്മദ്, ഡോ. എംവി സൈതലവി, മുനിസിപ്പൽ കൗൺസിലർ പി ടി ഹംസ, ചെംബ ഇബ്രാഹിംകുട്ടി ഹാജി, അൻജൂം താജുദ്ദീൻ തുടങ്ങിയവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. പ്രദേശത്ത് നിന്നും മരണപ്പെട്ടു പോയവർക്കുള്ള ശ്രദ്ധാഞ്ജലിക്ക് താജുദ്ദീൻ കല്ലുപറംബൻ നേതൃത്വം നൽകി.
സന്മനസ്സ് റോഡിലെ കുരുന്നു പ്രതിഭകളുടെ സർഗ്ഗവിരുന്ന് സംഗമത്തിന് മാറ്റുകൂട്ടി. കലാഭവൻ പ്രവീൺ നയിച്ച മാജിക് ഡാൻസും പച്ചോല മ്യൂസിക് ബാൻഡ് നേതൃത്വം നൽകിയ ഇശൽ വിരുന്നും പരിപാടിയുടെ ഭാഗമായി നടന്നു.
പ്രസിഡന്റ് കെ സി അയൂബ് അധ്യക്ഷത വഹിച്ചു. മൻസൂർ കെ പി, എം എൻ നൗഷാദ്, മൻസൂറലി എംടി, ജാഷി കെ പി, ബാപ്പുട്ടി എം‌എം പ്രസംഗിച്ചു. കരിമ്പിൽ ബാവ, ഖാജ ഹുസൈൻ, കെപി മുഹമ്മദ്, കെകെ മുഹമ്മദ് അബ്ദുന്നാസർ, സി ടി ഹബീബ്, കെ കെ നയീം, നിസാർ മഞ്ഞമ്മാട്ടിൽ, അബ്ദുറഹ്മാൻ മഞ്ഞമ്മാട്ടിൽ, ആബിദ്‌ തുടങ്ങീയവരും എസ് എം കാസ്റ്റ്‌ലേയും അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!