തിരൂരങ്ങാടി: പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അകാരണമായി ഒരു രാത്രി മുഴുവൻ കസ്റ്റഡിയിൽ വച്ചതായി പരാതി. നഗരസഭാ മുൻ കൗൺസിലറും യൂത്ത് ലീഗ് കമ്മിറ്റി ട്രഷററുമായ അയ്യൂബ് തലാപ്പിൽ, ചെമ്മാട് ടൗൺ യൂത്ത് ലീഗ് ട്രഷറർ ബാ കുട്ടി ചെമ്മാട്, അൻസാർ പാട്ടശ്ശേരി, നാസർ കാവുങ്ങൽ, ജംഷീർ മഞ്ഞമ്മാട്ടിൽ, റഫീഖ് കുന്നത്തരി എന്നിവരെയാണ് കസ്റ്റഡിയിൽ വച്ചത്. വെള്ളിയാഴ്ച രാത്രി 10ന് വില്ലേജ് ഓഫിസിനു സമീപത്തെ ഫ്രൂട്‌സ് കടയിൽ ഇരിക്കുകയായിരുന്ന ഇവരെ, അതുവഴി വന്ന സിഐയാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച ശേഷം കേസ് എടുക്കാൻ നിർദേശിച്ച ശേഷം സി ഐ പോയത്രെ. ഇതിനിടെ കാൻസർ രോഗിയായ ജംഷീർ കുഴഞ്ഞുവീണതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാരോട് രണ്ടാളുടെ ജാമ്യ ത്തിൽ കൊണ്ടുപോകാമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ എന്താണ് കേസെന്നറിയാതെ ജാമ്യം എടുക്കില്ലെന്ന നിലപാടിലായിരുന്നു യുവാക്കൾ. രാവിലെയാണ് ഇവരെ വിട്ടത്.
എന്നാൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്ക് കണ്ടപ്പോൾ സംശയം തോന്നി പിടികൂടിയതാണെന്നും കുറ്റവാളിക ളല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ ജാമ്യമെടുത്ത് പോകാൻ നിർദേശിച്ചെങ്കിലും പോകാതെ സ്റ്റേഷനിൽ തന്നെ നിൽക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പോലീസിന്റെ സാധാരണ നടപടി ക്രമം മാത്രമാണിത്. എന്നാൽ അകാരണമായി പിടിച്ചു കൊടുന്ന തങ്ങൾ കുറ്റവാളികൾ അല്ലാത്തതിനാൽ എന്തിന് ജാമ്യമെടുക്കണം എന്നാണ് യുവാക്കളുടെ ചോദ്യം.