സാവോപോളോ: ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു.
ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. 92 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം.
1940 ഒക്ടോബർ 23ന് സാവോ പോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്സൺ അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. തോമസ് എഡിസണിന്‍റെ പേര് മാതാപിതാക്കൾ അദ്ദേഹത്തിന് നൽകുകയിരുന്നു. പിന്നീട് വാസ്കോ ഗോൾകീപ്പർ ബിലേയിൽ നിന്നാണ് പെലെ എന്ന വിളിപ്പേര് വന്നത്. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ.
പതിനഞ്ചാം വയസ്സിൽ സാന്റോസിലൂടെ ഫുട്ബോൾ ജീവിതത്തിന്റെ തുടക്കമിട്ട പെലെ 16 ആം വയസിൽ ബ്രസീൽ ദേശീയ ടീമിൽ എത്തി. മൂന്നു ലോകകപ്പുകൾ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിൻറെ താരമെന്ന ബഹുമതി നൽകി ആദരിച്ചിരുന്നു. ഗോളുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോർഡും പെലെയ്ക്ക് സ്വന്തമാണ്. 14 ലോകകപ്പുകളില്‍ നിന്നുമായി 12 ഗോളുകളും 10അസിസ്റ്റുമാണ് പെലെ നേടിയത്.
പത്താം നമ്പർ ജഴ്സി എന്നതു പെലെയുടെ മാത്രം ജഴ്സി എന്ന നിലയിലേക്ക് ഗോള്‍ വേട്ടകൊണ്ട് പെലെ എത്തി. വിരമിച്ച ശേഷം ഫുട്ബോള്‍ അംബാസിഡറായി ആയിരുന്നു പെലെയുടെ പ്രവര്‍ത്തനം.