തേഞ്ഞിപ്പലം: ഗ്രാമപഞ്ചായത്തിലെ പാടാട്ടാലുങ്ങൽ പ്രദേശത്ത് പൂർവ്വീകമായ് ദളിത് വിഭാഗക്കാരും പിന്നീട് കർഷകരും പൊതുജനങ്ങളും ഉപയോഗിച്ചു വന്നിരുന്ന തീണ്ടാകുളവും 29 സെൻറ് തീണ്ടാപാറയും സ്വകാര്യ വ്യക്തിക്ക് കയ്യേറാൻ സഹായിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മറ്റുംഎതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് തീണ്ടാകുളംസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പാടാട്ടാലുങ്ങലിൽ നടന്ന ജനകീയ കൺവെൻഷൻ ആവശ്യപ്പെട്ടു. കടുത്ത ജാതി വിവേചനം നിലനിലവിലുണ്ടായിരുന്നപ്പോൾ കരപ്രദേശങ്ങളോട് ചേർന്ന കുളങ്ങളുടെ ഏഴയലത്തുപോലും ചെല്ലാൻ പറ്റാതിരുന്ന ദളിത് വിഭാഗക്കാർക്ക് ജൻമിമാർ തീണ്ടാപ്പാടകലെ അനുവദിച്ച കുളമായതിനാലാണ് കുളത്തിന് തീണ്ടാകുളം എന്ന പേരുതന്നെ വന്നതെന്ന് ഉദ്ഘാടകനായ ശങ്കരൻ കുറ്റിപിലാക്കൽ എന്ന പ്രദേശവാസിയായ വയോധികൻ തന്റെകുട്ടികാലത്തുണ്ടായ കടുത്ത ജാതിവിവേചനത്തിന്റെ സങ്കടങ്ങളും ഓർമ്മകളും അനുഭവങ്ങളും പങ്കുവച്ചുകൊണ്ട് പറഞ്ഞു.നൂറ്റാണ്ടുകൾ പഴമയുള്ള പൊതു കുളവും ഭൂമിയും സ്വകാര്യവ്യക്തികയ്യേറിയത് തടഞ്ഞ് നാട്ടുകാർക്കും കർഷകർക്കും ഉപയോഗിക്കാൻ കഴിയുന്നവിധത്തിലാവണം. 1985 ൽ കയ്യേറ്റ ശ്രമം വന്നപ്പോൾ പാരമ്പര്യമായ് ഉപയോഗിവരുന്ന പൊതുകുളം എന്ന് ആർ ഡി ഒ തീർപ്പുകല്പിച്ച വസ്തു പഞ്ചായത്തിൻറെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടതാണ്. 1998-99ൽ ജനകീയാസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങളുടെ നവീകരണ പ്രവർത്തികളും നടത്തിയിരുന്നു. എന്നാൽ റീസർവ്വെ സമയത്ത് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അന്യാധീനപ്പെടുത്താൻ ശ്രമംനടന്നെങ്കിലും ജില്ലാകലക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാസർവ്വെ സൂപ്രണ്ട് സർവ്വെനടത്തി പൊതുവെന്ന് വീണ്ടും തീർപ്പുകല്പിച്ചതായിരുന്നു. എന്നാൽ 2010 ൽ ഹൈക്കോടതിയിൽ ഒരു റിട് പെറ്റീഷൻ വന്നപ്പോൾ രേഖകൾനല്കി കേസ്നടത്താൻ പഞ്ചായത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാവാതിരുന്നതാണ് ഒരു ദശകത്തിലേറെയായ് പൊതുഭൂമിയും കുളവും ജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാതിരുന്നതിന്കാരണം. ഇപ്പോൾ വിഷയം പരിശോധിക്കുന്ന RDO കോടതിയിലും കടുത്ത അനാസ്ഥയാണ് പഞ്ചായത്തിലെ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നതെന്നും കൺവൻഷൻ രേഖകളുടെ അടിസ്ഥാനത്തിൽ അഭിപായപ്പെട്ടു. അധികാരികളുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ അടിയന്തിരമായ് അവസാനിപ്പിച്ചില്ലെങ്കിൽ സമരമാർഗങ്ങൾ സ്വീകരിക്കേണ്ടിവരും. വാർഡ്മെമ്പർ മുബഷിറകാട്ടുകുഴി അധ്യക്ഷതവഹിച്ചു. തീണ്ടാകുളം സംരക്ഷണസമിതി ചെയർമാൻ കാട്ടുകുഴിമുഹമ്മദ്, കൺവീനർ അഡ്വ.കെ.ടി.വിനോദ്കുമാർ, സുരേഷ്.കെ. ജയപ്രകാശ് യു.,പാടശേഖരസമിതി സെക്രട്ടറി കൃഷ്ണദാസ്.കെ, അപ്പുക്കുട്ടൻ പി.,മൊഹ് യുദ്ദീൻ പി.കെ.എന്നിവർ സംസാരിച്ചു.