Sunday, July 27

മപ്രം-കൂളിമാട് പാലം മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.
മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് നിന്നും നാടമുറിച്ച് തുറന്ന വാഹനത്തിൽ വർണാഭമായ ഘോഷയാത്രയോടെയാണ് കൂളിമാട് ഭാഗത്ത് ഒരുക്കിയ ഉദ്ഘാടന വേദിയിൽ മന്ത്രിയെത്തിയത്. തുടർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു.

സർക്കാറിന്റെ പ്രകടനപത്രികയിൽ പ്രഖ്യാപിച്ച അഞ്ച് വർഷത്തിനുള്ളിൽ 100 പാലങ്ങൾ എന്നത് കേവലം രണ്ട് വർഷം കൊണ്ട് തന്നെ 57 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി സർക്കാർ ബഹുദൂരം മുന്നോട്ടു പോയെന്നും പത്ത് പാലങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലെത്തിയെന്നും മന്ത്രി പറഞ്ഞു. ഇനി 33 പാലങ്ങൾകൂടി പൂർത്തിയായാൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം സമയബന്ധിതമായി പൂർത്തിയാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ഇരവഴിഞ്ഞി പുഴയും ചാലിയാറും സംഗമിക്കുന്ന പാലത്തിനിരുവശവുമുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രദേശത്ത് ടൂറിസം വികസനം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം ചാലിയാറിന് കുറുകെ കിഫ്ബിയിൽ നിന്നും 25 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പാഞ്ചായത്തിലെ കൂളിമാടിനെയും മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ മപ്രത്തെയും കൂട്ടിമുട്ടിക്കുന്നതാണ് പാലം. ഇതിലൂടെയുള്ള ഗതാഗതം സാധ്യമാവുന്നതോടെ കോഴിക്കോട് കുന്നമംഗലം, മുക്കം ഭാഗത്ത് നിന്നും വയനാട് നിന്നും മലപ്പുറത്തേക്കും കരിപ്പൂർ വിമാനത്താവളത്തിലേക്കും വരുന്ന യാത്രക്കാർക്ക് എളുപ്പമാർഗമാവും.

വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഒന്നാം പിണറായി സർക്കാറിന്റെ
2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.

309 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് 12 സ്പാനുകളാണുള്ളത്. ഇതിൽ 35 മീറ്റർ നീളത്തിലുള്ള ഏഴ് സ്പാനുകൾ പുഴയിലും 12 മീറ്റർ നീളത്തിലുള്ള അഞ്ച് സ്പാനുകൾ കര ഭാഗത്തുമാണ് നിർമിച്ചിട്ടുള്ളത്. പാലത്തിന് ആകെ 13 തൂണുകളുണ്ട്.
ഇരുഭാഗത്തും 1.5മീറ്റർ വീതിയിൽ നടപ്പാതയും നൽകി പാലത്തെ മനോഹരമാക്കിയിട്ടുണ്ട്. കൂളിമാട് ഭാഗത്ത് 160 മീറ്റർ നീളത്തിലും മപ്രം ഭാഗത്ത് 80 മീറ്റർ നീളത്തിലും അപ്രോച്ച് റോഡുമുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

നിർമാണ ഘട്ടത്തിൽ ഏറെ പ്രതിസസികളെ അതിജീവിച്ചാണ് പാലം പണി പൂർത്തിയാക്കിയത്. നിർമാണം ആരംഭിച്ചപ്പോൾ തന്നെ സംസ്ഥാനത്തുണ്ടായ മാഹാ പ്രളയത്തിൽ പ്രവൃത്തികൾ നിർത്തിവച്ചിരുന്നു. തുടർന്ന് ചാലിയാറിലെ പ്രളയ സാധ്യത മുന്നിൽ കണ്ട് പാലത്തിന്റെ ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയാണ് നിർമാണം ആരംഭിച്ചത്. പിന്നീട് ബീമുകൾ തൂണുകളിൽ ഉറപ്പിക്കുന്നതിനിടെ ഹൈഡ്രോളിക് ജാക്കിയിൽ ഉണ്ടായ സാങ്കേതികതകരാറു മൂലം മപ്രം ഭാഗത്തെ മൂന്ന് സ്പാനുകൾ തകർന്നിരുന്നു. തുടർന്ന് വിശദമായ പരിശോധനകൾ നടത്തി കുറ്റമറ്റ രീതിയിലാണ് പാലത്തിന്റെ പ്രവൃത്തികൾ പൂർത്തിയാക്കിയത്.

ചടങ്ങിൽ പി.ടി.എ റഹീം എം എൽ എ അധ്യക്ഷത വഹിച്ചു. എം.പിമാരായ ഡോ. അബ്ദുസ്സമദ് സമദാനി, എളമരം കരീം, എം കെ രാഘവൻ, ടി.വി ഇബ്രാഹീം എം എൽ എ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി മാധവൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി വി സക്കറിയ, ഓളിക്കൽ ഗഫൂർ, കെ ആർ എഫ് ബി പ്രൊജക്ട് ഡയറക്ടർ ഡാർലിൻ കാർമലിറ്റ ഡിക്രൂസ്, നോർത്ത് സർക്കിൾ ടീം ലീഡർ എസ് ദീപു, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

error: Content is protected !!