യുഎഇയിലെ പുതിയ വിസ നിയമങ്ങള്‍ ഒക്ടോബർ മൂന്നു മുതല്‍ പ്രാബല്യത്തില്‍; നടപടികള്‍ എളുപ്പമാകുന്നു

അബുദാബി: യുഎഇയിലെ പുതിയ വിസ നിയമങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കൂടുതല്‍ പേരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ ചട്ടങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. അതിനാല്‍ വിസയുമായി ബന്ധപ്പെട്ട നടപടികള്‍ കൂടുതല്‍ എളുപ്പമാകും. വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ചട്ടഭേദഗതിയിലൂടെ സാധിക്കും. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
പുതിയ കാറ്റഗറികളിലുള്ള വിസകളും ഇതോടൊപ്പം നിലവില്‍ വരും. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ റെസിഡന്റ് വീസയാണ് പുതിയ വിസകളില്‍ പ്രധാനം. സ്‌പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്നതാണ് ഗ്രീന്‍ വിസ. വിദഗ്ധ തൊഴിലാളികള്‍, സ്വയം സംരംഭകര്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍ എന്നിവര്‍ക്ക് ഗ്രീന്‍ വീസ ലഭിക്കും.

അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വീസയും തിങ്കളാഴ്ച നിലവില്‍ വരും. പുതിയ നിയമം അനുസരിച്ച് എല്ലാ സിംഗിള്‍ – മള്‍ട്ടി എന്‍ട്രീ വിസകളും സമാന കാലവയളവിലേക്ക് പുതുക്കാം. കാലാവധി ചുരുങ്ങിയത് 60 ദിവസം വരെയാക്കി. നേരത്തെ ഇത് 30 ആയിരുന്നു. പുതിയ വീസ നിയമപ്രകാരം ഗോള്‍ഡന്‍ വീസയുടെ നടപടികള്‍ ലഘൂകരിക്കുകയും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുഎഇയില്‍ താമസിച്ച് വിദേശകമ്പനികള്‍ക്കുവേണ്ടി ജോലി ചെയ്യാന്‍ അനുവദിക്കുന്ന വിര്‍ച്വല്‍ വീസയും തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാകും. തൊഴില്‍ അന്വേഷകര്‍ക്ക് ഏറെ സഹായകരമാകുന്ന ജോബ് എക്‌പ്ലോറര്‍ വിസ, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള റിട്ടയര്‍മെന്റ് വിസ തുടങ്ങിയവയാണ് വീസ ചട്ടങ്ങളിലെ മറ്റ് പ്രധാന മാറ്റങ്ങള്‍.

ഗോൾഡൻ വീസ ഉടമകൾക്ക് കുടുംബാംഗങ്ങളെയും ജീവനക്കാരെയും സ്പോണ്‍സർ ചെയ്യാനാകും. വിദേശങ്ങളിൽ നിന്നു ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാം. ഗോൾഡൻ വീസയുള്ളവർ മരിച്ചാൽ ആശ്രിതർക്ക് വീസാ കാലാവധി കഴിയും വരെ രാജ്യത്ത് തങ്ങാമെന്നതും പ്രത്യേകതയാണ്. യുഎഇയ്ക്ക് പുറത്ത് എത്രകാലം വേണമെങ്കിലും കഴിയാം. വീസ കാലാവധി തീർന്നാലും 6 മാസം വരെ രാജ്യത്ത്ത ങ്ങാനാകും. ലഭിച്ച വീസയുടെ കാലാവധിയുമായി ബന്ധിപ്പിച്ചതായിരിക്കും തിരിച്ചറിയൽ കാർഡിന്‍റെ കാലാവധി. വീസാ കാലാവധിക്കനുസൃതമായി തിരിച്ചറിയൽ കാർഡും പുതുക്കണം. തിരിച്ചറിയൽ കാർഡിന്‍റെ കാലാവധി തീർന്നാൽ 30 ദിവസത്തിനുള്ളിൽ പുതുക്കിയിരിക്കണം.

നിക്ഷേപകരെ ആകർഷിക്കാൻ വൻ ഓഫറുകളാണ് ഗോൾഡൻ വീസ ഉടമകൾക്ക് അബുദാബി സർക്കാർ നൽകുന്നത്. ഇതിനായി ഓട്ടോമോട്ടീവ്, റിയൽ എസ്റ്റേറ്റ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് ഇൻഷുറൻസ്, ബാങ്കിങ് തുടങ്ങി വിവിധ മേഖലകളിലെ ഒട്ടേറെ പ്രമുഖ ബ്രാൻഡുകളുമായി അബുദാബി റസിഡന്‍റ്സ് ഓഫിസ് കരാറിലേർപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് വിവിധ മേഖലകളിൽ വലിയതോതിലുള്ള ഇളവുകളാണ് വാഗ്ദാനം ചെയ്യുന്നത്. വസ്തുവകകളിൽ 2 ദശലക്ഷം ദിർഹത്തിന്‍റെ നിക്ഷേപമോ ഒരു ദശലക്ഷം ദിർഹത്തിൽ കുറയാത്ത സമ്പാദ്യമോ ഉള്ള 55ന് മുകളിൽ പ്രായമുള്ളവർക്ക് റിട്ടയർമെന്‍റ് വീസ ലഭിക്കും. പ്രതിമാസം 20,000 ദിർഹത്തിൽ കുറയാത്ത സജീവ വരുമാനമുള്ളവർക്കും അപേക്ഷിക്കാം. പരിധിയില്ലാതെ ഇവർക്ക് യുഎഇയിൽ വന്നുപോകാം. അഞ്ചുവർഷം കൂടുമ്പോൾ പുതുക്കണം.

അഞ്ച് വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാനും സ്പോൺസറുടെ ആവശ്യമില്ല. പ്രവാസി കുടുംബങ്ങൾക്കും ബിസിനസ്സ് യാത്രക്കാർക്കും അഞ്ച് വർഷത്തിനുള്ളിൽ എത്ര തവണ വേണമെങ്കിലും യുഎഇയിൽ വരാനും പോകാനും കഴിയും. ഓരോ സന്ദർശനത്തിലും 90 ദിവസം വരെ തങ്ങാം, ഇത് 90 ദിവസത്തേക്ക് കൂടി നീട്ടാനും സംവിധാനമുണ്ട്. വീസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപുള്ള ആറുമാസത്തിനിടെ 14,700 ദിർഹത്തിന്‍റ് ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ തുല്യമായ തുകയുടെ വിദേശകറൻസി അക്കൌണ്ടിൽ ഉള്ളതിന്‍റെ രേഖകൾ നൽകണം. പുതിയ ഭേദഗതി അനുസരിച്ച് യുഎഇയിലെ താമസക്കാരെ സന്ദർശിക്കാൻ ബന്ധുക്കൾക്ക് സ്പോണ്‍സറെ ആവശ്യമില്ല. അതേസമയം പഠനകാര്യങ്ങൾക്കായ് വരുന്നവരെ അംഗീകൃത സർവകലാശാലകളോ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളോ സ്പോണ്‍സർ ചെയ്യണം. പഠനത്തിന്‍റെ വിശദാംശങ്ങളും കാലാവധിയും വ്യക്തമാക്കുന്ന സ്പോണ്‍സറുടെ കത്തും ചേർത്താണ് അപേക്ഷിക്കേണ്ടത്. യുഎഇയുടെ വികസനകുതിപ്പിന് ആക്കം കൂട്ടാൻ ലക്ഷ്യമിട്ടാണ് വീസ നിയമത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവന്നതെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ സാധ്യതകളാണ് ഇത് തുറന്നിടുന്നത്.

error: Content is protected !!