ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങാൻ പണമില്ല, സ്വന്തം വണ്ടി തന്നെ നിർമിച്ച് പ്ലസ് വൺ വിദ്യാർത്ഥി

തിരൂരങ്ങാടി ∙ സ്കൂട്ടർ ഓടിക്കാനാണ് ഹാഷിമിന് ആഗ്രഹം. പക്ഷെ അതിന് 18 വയസ്സ് ആകണം. ഇലക്ട്രിക്ക് സ്കൂട്ടർ ആകുമ്പോൾ 18 വയസ്സ് എന്ന നിയമ പ്രശ്നമില്ല, പക്ഷെ വാഹനം വാങ്ങാൻ നല്ല വിലയാകും. അത്രയും ക്യാഷ് ഒപ്പിക്കാൻ മാർഗമില്ല. ഒടുവിൽ ആക്രി കടയിൽ നിന്ന് സെക്കന്റ് ഹാൻഡ് സൈക്കിൾ വാങ്ങി സ്വന്തമായി ഇലക്ട്രിക്ക് സൈക്കിൾ തന്നെ നിർമിച്ചാണ് ആഗ്രഹം സാധിച്ചത്. പ്ലസ് വൺ വിദ്യാർഥിയായ തലപ്പാറ വലിയപറമ്പിലെ പാറക്കടവ് വീട്ടിൽ ഹാഷിം (16) ആണ് പഴയ സൈക്കിൾ വാങ്ങി ഇലക്ട്രിക് വണ്ടിയാക്കിയത്. 

ആക്രിക്കടയിൽനിന്നു പഴയ സൈക്കിൾ വാങ്ങിയാണ് രൂപമാറ്റം വരുത്തിയത്. 48 വോൾട്ട് ബിഎൽഡിസി മോട്ടർ, 12 വോൾട്ട് 4 യുപിഎസ് ബാറ്ററി എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്. വണ്ടി മുന്നോട്ടുപോകാൻ സ്വിച്ച് അമർത്തിയാൽ മതി. വേഗം നിയന്ത്രിക്കാൻ ആക്സിലറേറ്ററിന് പകരം നോബ് ആണ്. വണ്ടി ഓടിക്കാൻ അറിയാത്തവർക്കു പോലും ഇഷ്ടമുള്ള വേഗത്തിൽ ക്രമീകരിച്ച് ഓടിച്ചുപഠിക്കാൻ സൗകര്യമാകും. സ്കൂട്ടറിന്റെ ആകൃതി വരുത്താൻ ശ്രമം നടത്തിയിട്ടുണ്ട്. ഫ്ലെക്‌സ് ഷീറ്റ് ഉപയോഗിച്ചാണ് ബോഡി നിർമിച്ചിട്ടുള്ളത്. തെർമോക്കോളും മൾട്ടിവുഡും ഉപയോഗിച്ച് ടാങ്ക് ഒരുക്കി. ഒരു തവണ ചാർജ് ചെയ്താൽ 8 കിലോമീറ്റർ വരെ പോകാൻ പറ്റും. 12,000 രൂപ ചെലവായി. കാരന്തൂർ മർകസ് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ ഹാഷിം വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിച്ചിട്ടുണ്ട്. ജാഫർ കോയ തങ്ങളുടെയും ആയിഷ ബീവിയുടെയും മകനാണ്.

https://tirurangaditoday.in/wp-content/uploads/2021/10/VID-20211030-WA0088.mp4
error: Content is protected !!