നോര്‍ക്ക പ്രവാസി ഇൻഷൂറൻസ് തുക വിതരണം ചെയ്തു 

ഇൻഷൂറൻസ് തുക 4 ലക്ഷമായി ഉയർത്തി

ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. തൃശൂര്‍ കണ്ടശന്‍കടവ് പുറത്തൂര്‍ കിറ്റന്‍ ഹൗസില്‍ ലിജോ ജോയ്, കൊല്ലം കൊട്ടാരക്കര റെജി ഭവനില്‍ ഫിലിപ്പോസ് റെജി എന്നിവരുടെ ബന്ധുക്കളാണ് പ്രവാസി ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എന്നിവ വഴിയുള്ള തുക ഏറ്റുവാങ്ങിയത്. 

2021 ഒക്ടോബറില്‍ ഒമാനിലുണ്ടായ അപകടത്തില്‍ മരിച്ച ലിജോ ജോയുടെ കുടുംബത്തിന് ആറു ലക്ഷം രൂപയും  2018 ജനുവരിയില്‍ ദുബായില്‍ മരിച്ച ഫിലിപ്പോസ് റെജിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുമാണ് ലഭിച്ചത്. പ്രവാസി ഐ.ഡി. കാര്‍ഡ് ഉടമയെന്ന നിലയില്‍ നാലു ലക്ഷം രൂപയുടെയും നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ രണ്ടു ലക്ഷം രൂപയുടെയും പരിരക്ഷയാണ് ലിജോ ജോയിക്ക്  ഉണ്ടായിരുന്നത്. പ്രവാസി ഐ.ഡി കാര്‍ഡ് ഉടമയായിരുന്നു ഫിലിപ്പോസ് റെജി. തയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ തുക വിതരണം ചെയ്തു. സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍മാനേജര്‍ അജിത്ത് കോളശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു. 

ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ നോര്‍ക്ക റൂട്ട്സ്  പ്രവാസി ഐ.ഡി കാര്‍ഡ് വഴി 11 പേര്‍ക്കായി 30.80 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. 2008ല്‍നിലവില്‍ വന്ന ഈ പദ്ധതി വഴി ഇതുവരെ ആകെ 120 പേര്‍ക്കായി 1.65 കോടി രൂപയാണ് ലഭ്യമാക്കിയത്.  നോര്‍ക്ക റൂട്ട്സ് പ്രവാസി ഐ.ഡി കാര്‍ഡ് ഉടമകള്‍ക്ക് അപകട മരണത്തിന് നാല്  ലക്ഷം രൂപയും അംഗവൈകല്യത്തിന് രണ്ടു ലക്ഷം രൂപയുമാണ് പരിരക്ഷ. നേരത്തേ രണ്ടു ലക്ഷമായിരുന്ന ഇന്‍ഷുറന്‍സ് തുക 2020 ഏപ്രില്‍ മുതലാണ് നാലു ലക്ഷമായി ഉയര്‍ത്തിയത്.

മൂന്ന് വര്‍ഷമാണ് പ്രവാസി ഐ ഡി കാര്‍ഡിന്റെ കാലാവധി.  18 മുതല്‍ 70  വയസ്സുവരെയുള്ള പ്രവാസികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വര്‍ഷം കാലാവധിയുള്ള കാര്‍ഡിന് അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും 315 രൂപയാണ് ഫീസ്. 

ഇതിന് പുറമെയുള്ള പ്രവാസി രക്ഷാഇന്‍ഷുറന്‍സ് പോളിസി വഴി 13 ഗുരുതര രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ പരിരക്ഷയും രണ്ടു  ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. 18 മുതല്‍ 60  വയസ്സുവരെയുള്ള പ്രവാസികള്‍ക്ക് പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിക്ക് അപേക്ഷിക്കാം. ഇന്‍ഷുറന്‍സ് പ്രീമിയം അടക്കം 550 രൂപയാണ് അപേക്ഷാഫീസ്. 

www.norkaroots.org എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.   വിശദാംശങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീനമ്പരില്‍ രാജ്യത്തിനകത്തു നിന്നും വിളിക്കാവുന്നതാണ്. വിദേശത്തു നിന്നും 00918802012345 എന്ന നമ്പരില്‍ മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്. 

error: Content is protected !!