സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഏഴാം കിരീടം. ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ കിരീടനേട്ടം. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്‍റെ മൂന്നാം കിരീടവും 2018 ന് ശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്‍റെ കിരീടനേട്ടം.
പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്‍റെ സജലിന് പിഴച്ചു. സജലിന്‍റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്‍റെ കിക്കുകള്‍ എല്ലാം ഗോളായി. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളം ഒപ്പമെത്തി.
കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്. മറുവശത്ത് ലഭിച്ച 2 ഗോൾ അവസരങ്ങൾ മുതലാക്കാൻ ബംഗാളിനും കഴിഞ്ഞില്ല. 18–ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ കിക്ക് ബംഗാൾ ഗോൾ കീപ്പർ പിടിച്ചെടുത്തു. പിന്നാലെ, 23–ാം മിനിറ്റിൽ മികച്ച ഒരു ഗോളവസരം ബംഗാളും തുലച്ചു.
37–ാം മിനിറ്റിൽ മൊഹിതേഷ് റോയിയുടെ ഗോൾ എന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോൾ കീപ്പർ മിഥുൻ കേരളത്തിന്റെ രക്ഷകനായി. എണ്ണം പറഞ്ഞ മുന്നേറ്റങ്ങൾ നടത്തി ബംഗാൾ പ്രതിരോധത്തെ പരീക്ഷിക്കാൻ ജെസിനായെങ്കിലും ഗോൾ മാത്രം വന്നില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഗോളി മിഥുൻ മാത്രം മുന്നിലുള്ളപ്പോള്‍ ഗോൾ നേടാനുള്ള സുവർണാവസരം ബംഗാൾ പാഴാക്കി.