സീതി സാഹിബ് പൊളിറ്റിക്കല്‍ അക്കാദമി ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: ചെമ്മാട് ആസ്ഥാനമായി തിരൂരങ്ങാടി മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സീതി സാഹിബ് പൊളിറ്റിക്കല്‍ അക്കാദമിയുടെ ലോഗോ പ്രകാശനം ചെയ്തു. മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാമിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍ അധ്യക്ഷനായി.
മുസ്്‌ലിം രാഷ്ട്രീയത്തിന്റെ പ്രസക്തി പുതുതലമുറയെ പഠിപ്പിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. ജൂണ്‍ ഒന്നിന് ക്ലാസ് ആരംഭിക്കും. മെയ് ഒന്ന് മുതല്‍ പ്രവേശനത്തിന അപേക്ഷ നല്‍കാം. ആദ്യ ബാച്ചില്‍ 50 പേര്‍ക്കാണ് പ്രവേശനം. അപേക്ഷകര്‍ കൂടുതലുണ്ടെങ്കില്‍ പ്രവേശന പരീക്ഷ നടത്തും. ആറ് മാസത്തെ കോഴ്സ് പാസാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
ആദ്യഘട്ടത്തില്‍ പാഠ്യപദ്ധതിയായി ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീല്‍ സാഹിബ്, കെ.എം.സീതി സാഹിബ്, ബാഫഖി തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരുടെ ജീവചരിത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മണ്ഡലം പരിധിയില്‍പ്പെട്ട ജാതി, മത, രാഷ്ട്രീയ, ലിംഗ ബേധമന്യേ 18-നും 45 നും ഇടക്കുള്ള ആര്‍ക്കും അക്കാദമിയില്‍ പ്രവേശനം നല്‍കും. സ്റ്റഡി മെറ്റീരിയല്‍സ്, ഫൈനല്‍ പരീക്ഷ, കോഴ്സ് സര്‍ട്ടിഫിക്കറ്റ്, റഫറന്‍സ് ഗ്രന്ഥങ്ങളുടെ വിവരണം, ക്ലാസുകള്‍ക്കിടയില്‍ എന്റര്‍ടൈമെന്റ്, തല്‍സമയ വൈജ്ഞാനിക ക്വിസ്, പ്രസംഗ പരിശീലനം, ബ്രെയിന്‍ സ്റ്റോമിങ്, പഠിതാക്കളുടെ കഴിവനുസരിച്ച് അസൈമെന്റുകള്‍ എന്നിവയാണ് പഠന രീതികള്‍.
ലോഗോ പ്രകാശന ചടങ്ങില്‍ മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ വൈസ് പ്രസിഡന്റ് എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എല്‍.എ, കുറുക്്‌കോളി മൊയ്തീന്‍ എം.എല്‍.എ, എ.പി ഉണ്ണികൃഷ്ണന്‍, കെ കുഞ്ഞിമരക്കാര്‍, ഷരീഫ് വടക്കയില്‍, എ.കെ മുസ്തഫ, മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ്, അസീസ് ഉള്ളണം, ടി.കെ നാസര്‍, മുസ്തഫ കളത്തിങ്ങല്‍, എം.പി അബ്ദുസ്സമദ്, പി.കെ സല്‍മാന്‍, റബീഉദ്ദീന്‍ സംബന്ധിച്ചു.

error: Content is protected !!