താനാളൂർ : വിദ്യാലയങ്ങളിലെ കായിക സാക്ഷരതയുടെ കുറവ് നികത്തുന്നതിനും ശാസ്ത്രീയമായി കുട്ടികളുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനും അടുത്ത അധ്യയന വര്‍ഷം മുതല്‍ ‘കായിക വിദ്യാഭ്യാസം’ എന്ന പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. ഏതെങ്കിലും രണ്ടോ മൂന്നോ കുട്ടികള്‍ മെഡലുകള്‍ നേടുക എന്നതിനപ്പുറം എല്ലാ കുട്ടികളെയും കായിക രംഗത്തേക്ക് കൊണ്ടുവരാനുള്ള സമഗ്രമായ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കുട്ടികളുടെ കായികക്ഷമതയും ആരോഗ്യവും വ്യായാമ ശീലങ്ങളും പരിപോഷിപ്പിക്കുന്നതിനായി താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍. പി സ്‌കൂളുകളില്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ കായിക പരിപോഷണ പദ്ധതിയായ ‘ഓടിയും ചാടിയും ‘ വട്ടത്താണി കെ പുരം ജി എല്‍ പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സമഗ്ര ആരോഗ്യ കായിക പദ്ധതിയുടെ ഭാഗമായി നിലവിലെ ആരോഗ്യ കായികക്ഷമത വിലയിരുത്തി ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ പഠനക്രമം വികസിപ്പിച്ച് അതിലൂടെ വിദ്യാര്‍ഥിയുടെ ആരോഗ്യത്തോടൊപ്പം അക്കാദമിക രംഗങ്ങളിലും സാമൂഹ്യ ഇടപെടലുകളിലും മാറ്റം വരുത്തുകയാണ് വിഭാവനം ചെയ്യുന്നത്.
ചടങ്ങില്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് കായിക വിഭാഗം തലവന്‍ ബിജുകുമാര്‍ പദ്ധതിയുടെ വിശദീകരണം നടത്തി. താനൂര്‍ ബ്ലോക്ക് പ്രസിഡന്റ്് കെ സല്‍മത്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി സതീശന്‍, വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അമീറ കുനിയില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുറസാഖ്, മെമ്പര്‍ സുലൈമാന്‍ ചാത്തേരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.കെ പ്രേമരാജന്‍, ജി എല്‍ പി എസ് കെ പുരം പ്രധാന അധ്യാപിക എസ് അജിതാനാഥ്, പിടിഎ പ്രസിഡന്റ് ടി പ്രതീഷ് കുമാര്‍, പങ്കെടുത്തു.