Friday, August 15

ഗൾഫ് റൂട്ടിൽ ലഗേജ്‌ നിയമം കർശനം; ശ്രദ്ധിച്ചില്ലെങ്കിൽ ക്യാഷ് പോകും

ദുബായ്: സൗജന്യ ബാഗേജ് പരിധി കുറച്ചും ഒന്നിലേറെ ബാഗുകൾക്ക് അധിക പണം ഈടാക്കിയും ഹാൻഡ് ബാഗേജ് ഒന്നിൽ പരിമിതപ്പെടുത്തിയും ഗൾഫ് എയർലൈനുകൾ ലഗേജ് നിയമം കടുപ്പിക്കുന്നു. ഇന്ധനവില വർധന നേരിടാനാണ് ഇളവുകൾ കുറയ്ക്കുന്നത്.

ഇക്കണോമി ക്ലാസിൽ 30 കിലോഗ്രാം ഫ്രീ ബാഗേജ് നൽകിയിരുന്ന ചില എയർലൈനുകൾ ഇപ്പോൾ 25 കിലോയാക്കി കുറച്ചു. ബാഗേജില്ലാതെ, ബാഗേജോടു കൂടി, അധിക ബാഗേജ് തുടങ്ങി വ്യത്യസ്ത പാക്കേജുകളും ഇപ്പോൾ നൽകുന്നുണ്ട്.

അനുവദിച്ച പരിധിയിൽ ഒന്നിലേറെ ബാഗുകൾ ഉണ്ടെങ്കിൽ അധികമുള്ള ഓരോന്നിനും 15–20 ദിർഹം വരെ (311–414 രൂപ) കൂടുതൽ ഈടാക്കുകയാണ് യുഎഇ റൂട്ടിലെ ചില കമ്പനികൾ. നേരത്തേ ഹാൻഡ് ബാഗേജിനു പുറമേ ലാപ്ടോപ്പും മറ്റു വ്യക്തിഗത ആവശ്യങ്ങൾക്കുള്ള സാമഗ്രികളും അനുവദിച്ചിരുന്നെങ്കിൽ ഇപ്പോൾ ഡ്യൂട്ടിഫ്രീ സാധനങ്ങൾ ഉൾപ്പെടെ 7 കിലോയിൽ കൂടാൻ പാടില്ലെന്നാണു കർശന നിർദേശം. ഒരു കിലോ കൂടിയാലും അധിക പണം അടയ്ക്കണം. ബജറ്റ് എയർലൈനുകളും നിയമം കർശനമാക്കിയിട്ടുണ്ടങ്കിലും ചിലർ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ അധിക ബാഗേജ് കുറഞ്ഞനിരക്കിൽ അനുവദിക്കുന്നുണ്ട്.

ഒന്നിലേറെ സീറ്റ് (ഡബിൾ സീറ്റ്, ട്രിപ്പിൾ സീറ്റ്) ബുക്ക് ചെയ്ത് 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാനും ചില എയർലൈനുകളിൽ സൗകര്യമുണ്ട്. ഇവ വിമാനത്താവള നിരക്കിനെക്കാൾ കുറവാണെന്നു മാത്രമല്ല എയർപോർട്ട് ചാർജ് ഒഴിവാകുകയും ചെയ്യും.

error: Content is protected !!