ദീർഘകാലത്തെ വിശിഷ്ട സേവനത്തിനു ശേഷം വിരമിക്കുന്ന പ്രിയ ഗുരുനാഥൻമാർക്ക് ഓർമ്മ മരം സമ്മാനിച്ച് വിദ്യാർത്ഥികൾ. വാളക്കുളം കെ.എച്ച്. എം.ഹയർ സെക്കൻഡറി സ്കൂളിലെ ദേശീയ ഹരിത സേനാംഗങ്ങളാണ് ഈ വർഷം വിരമിക്കുന്ന അധ്യാപകർക്ക് രണ്ടു വർഷം കൊണ്ട് കായ്ക്കുന്ന ആയുർ ജാക്ക് സമ്മാനിച്ചത്.അവർ ശിഷ്ടകാലം ജീവിതം നയിക്കുന്ന ഇടങ്ങളിൽ ഈ മരങ്ങൾ നട്ടു പരിപാലിക്കും. ‘ഓർമിക്കാൻ ഒരു മരം’ എന്ന ശീർഷകത്തിൽ നടന്ന പരിപാടി സ്കൂൾ മാനേജർ ഇ.കെ അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു.ഈ അധ്യയന വർഷം വിരമിക്കുന്ന പ്രധാനാധ്യാപകൻ പി.കെ മുഹമ്മദ് ബഷീർ,ഉപപ്രധാനാധ്യാപകൻ പി.സൈനുദ്ധീൻ ,എൻ. ജയശ്രീ, ജിത ആർ.എം, വി.ജി. സന്തോഷ്കുമാർ, എസ്.സന്തോഷ് കുമാർ എന്നിവരെയാണ് ആദരിച്ചത്. കെ.പി.ഷാനിയാസ്, വി. ഇസ്ഹാഖ്, ടി. മുഹമ്മദ്, എം.സി.മുനീറ, എം.പി.റജില എന്നിവർ സംബന്ധിച്ചു.