ഗവർണറുടെ അന്ത്യശാസനം തള്ളി വി സി മാർ; ഇന്ന് വൈകുന്നേരം ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ്
തിരുവനന്തപുരം : സംസ്ഥാനത്തെ 9 സർവകലാശാല വൈസ് ചാൻസലർമാർ ഇന്നു രാവിലെ 11.30 ന് അകം രാജിവയ്ക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ അസാധാരണ നിർദേശം വിസിമാർ തള്ളിയതോടെ ഗവർണറുടെ അടുത്ത നടപടി നിർണായകം. രാജിവയ്ക്കാൻ വിസിമാർക്ക് ഗവർണർ നൽകിയ സമയപരിധി അവസാനിച്ചതോടെ ഇവർ നിയമവഴി തേടുകയാണ്.
കണ്ണൂർ, എംജി, കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർമാർ വിഷയത്തിൽ നിയമോപദേശം തേടി. ആറു വിസിമാർ ഗവർണറുടെ കത്തിന് മറുപടി നൽകി. നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചാണ് എംജി, കെടിയു, കുഫോസ് ഒഴികെയുള്ള വിസിമാരുടെ രേഖാമൂലമുള്ള മറുപടി. വിസിമാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് വിഷയത്തിൽ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും. വൈകിട്ട് നാലുമണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിഷയം പരിഗണിക്കുക.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സർവകലാശാല (...