കാര്‍ഷിക മേഖലയ്ക്ക് പിന്തുണ നല്‍കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷിക്കൂട്ടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും പെരിന്തല്‍മണ്ണയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാര്‍ഷിക സംസ്‌കൃതി സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞു. കാര്‍ഷിക ഉത്പാദനത്തിനും അതിന്റെ വളര്‍ച്ചയ്ക്കും അങ്ങേയറ്റത്തെ പ്രധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. മില്ലറ്റ് കൃഷി വ്യാപിപ്പിക്കാന്‍ ബജറ്റില്‍ പ്രത്യേക വിഹിതം വകയിരുത്തിയിട്ടുണ്ട്. നാളികേര കര്‍ഷകര്‍ക്കായി 34 കോടി വകയിരുത്തി. റബറിന്റെ വില സ്ഥിരത ഉറപ്പ് വരുത്താന്‍ 600 കോടി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂല്യവര്‍ധന മേഖലയിലെ 1000 കൃഷിക്കൂട്ടങ്ങളുടെയും സേവന മേഖലയിലെ 200 യന്ത്രവല്‍കൃത കൃഷിക്കൂട്ടങ്ങളുടെയും സംസ്ഥാനതല പ്രവര്‍ത്തന ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. വിപണന പ്രദര്‍ശനം മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. എം.പി അബ്ദുസ്സമദ് സമദാനി എം.പി, നജീബ് കാന്തപുരം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ പി ഷാജി, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുല്‍ കരീം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹ്‌മാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ കലാം, അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ. ബി അശോക്, കൃഷി വകുപ്പ് ഡയറക്ടര്‍ കെ എസ് അഞ്ജു എന്നിവര്‍ സംസാരിച്ചു.
ഒരുപ്രദേശത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സജ്ജമായ വ്യക്തികളുടെ കൂട്ടായ്മകളെ യോജിപ്പിച്ച് കാര്‍ഷിക രംഗത്ത് നിലനിര്‍ത്തുന്നതാണ് കൃഷിക്കൂട്ടം പദ്ധതി. അടുത്തടുത്ത വീടുകള്‍, കൃഷിയിടങ്ങള്‍ എന്നിവ ആധാരമാക്കിയാണ് കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ചിട്ടുള്ളത്. ഒരു വാര്‍ഡില്‍ നിന്ന് അഞ്ചുമുതല്‍ 25 വരെ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന, അഞ്ചുസെന്റ് മുതല്‍ രണ്ട് ഏക്കര്‍ വരെ ആകെ കൃഷിചെയ്യുന്നതുമായ ഒരു സംഘമാണ് കൃഷിക്കൂട്ടങ്ങള്‍. ഇവയെ ഉത്പാദനം, സേവനം, മൂല്യവര്‍ധനം എന്നിങ്ങനെ മൂന്ന് മേഖലകളായി തരംതിരിച്ചിട്ടുണ്ട്. മൂല്യവര്‍ധന മേഖലയിലുള്ളവര്‍ക്ക് ഉത്പന്നങ്ങള്‍ നല്‍കുന്നതാണ് ആ മേഖലയിലുള്ളവരുടെ പങ്ക്. രണ്ടുവിഭാഗത്തിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുകയാണ് സേവന മേഖലയിലെ കൃഷിക്കൂട്ടങ്ങളുടെ ഉത്തരവാദിത്തം. മൂല്യവര്‍ധിത ഉത്പാദനം വില്‍പ്പനയ്ക്ക് വേണ്ട സഹായവും പദ്ധതിവഴി ചെയ്യും.