തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം. 25016 വോട്ട് ഭൂരിപക്ഷത്തിനാണ് ഉമയുടെ വിജയം. തൃക്കാക്കര മണ്ഡലത്തിലെ സർവകാല റെക്കോർഡാണ് ഇപ്പോൾ ഉമ തോമസിനുള്ളത്. 2011ൽ ബെന്നി ബെഹനാനു ലഭിച്ച 22406 വോട്ടുകളുടെ ഭൂരിപക്ഷം ഉമ മറികടന്നു. യു ഡി എഫിന് 72770 വോട്ട് ലഭിച്ചു. എൽ ഡി എഫിന് 47754, ബിജെപിക്ക് 12957 വോട്ടുകളാണ് ലഭിച്ചത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വ്യക്തിപരമല്ലെന്ന് എൽഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് പറഞ്ഞു. തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കും. പാർട്ടി ഏൽപ്പിച്ച ജോലി നന്നായി ചെയ്തു. നിലപാടുകൾ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ആത്മാർത്ഥമായി പ്രവർത്തിച്ചു. എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. പാർട്ടി പ്രതീക്ഷിക്കാത്ത തോൽവിയാണ് സംഭവിച്ചതെന്നും അതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
മന്ത്രിമാരും എംഎൽഎമാരും കൂട്ടത്തോടെ ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ സാധിച്ചില്ല എന്നത് എൽഡിഎഫ് ക്യാംപിന് ഷോക്കായിട്ടുണ്ട്. സിൽവര്‍ ലൈൻ വിഷയത്തിൽ സര്‍ക്കാരിനെതിരായ ജനവിധിയായും പ്രതിപക്ഷം തൃക്കാക്കര ഫലം ഉപയോഗപ്പെടുത്തും. തൃക്കാക്കര തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി കോണ്‍ഗ്രസ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയ കെ.വി.തോമസിനും ഫലം വലിയ തിരിച്ചടിയാണ്.
അതിനിടെ, തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പ്രതികരിച്ചു. ഇങ്ങനെ ഒരു ഫലം പ്രതീക്ഷിച്ചില്ല. ഇത്രയും ഭൂരിപക്ഷം വരുമെന്ന് കരുതിയില്ലെന്നും സി.എന്‍. മോഹനന്‍ പറഞ്ഞു. ഉമയുടെ മുന്നേറ്റം ഭരണത്തിനെതിരായി വിലയിരുത്തലെന്ന് ലീഗ് പറഞ്ഞു. എൽഡിഎഫിന്റെ വിഭാഗീയത രാഷ്ട്രീയത്തിന് എതിരായ വിലയിരുത്തലെന്ന് സാദിഖലി ശിഹാബ് തങ്ങൾ വിലയിരുത്തി.
പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിർണായകമായിരുന്നു.