തിരൂരങ്ങാടി പോലീസിന്റെ തൊണ്ടി മണൽ കൊള്ളക്കെതിരെ യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് ജനുവരി 10 ന്

തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസിന്റെ തൊണ്ടി മണല്‍ കൊള്ളക്കും നിര്‍ബന്ധിത പണപ്പിരിവിനുമെതിരെ മുസ്ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി പത്ത് തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് നടക്കുന്ന മാര്‍ച്ച് കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പങ്കെടുക്കും.
മാര്‍ച്ചിന് മുന്നോടിയായി തിരൂരങ്ങാടി പോലീസിന്റെ അനീതിയും കൊള്ളരുതായ്മയും അഴിമതിയും ചുണ്ടിക്കാണിച്ചു കൊണ്ടുള്ള കുറ്റപത്രം തയ്യാറാക്കും. ഈ കുറ്റപത്രത്തോടപ്പം ഗവര്‍ണര്‍, മുഖ്യമന്ത്രി, ഡി.ജി.പി, പോലീസ് കംപ്ലൈന്റ് അതോറിറ്റി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി സമര്‍പ്പിക്കും. മാര്‍ച്ച് പത്തിന് മുമ്പ് തിരൂരങ്ങാടി പോലീസ് പരിധിയിലെ 37 കേന്ദ്രങ്ങളില്‍ പ്രദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ തെരുവില്‍ കുറ്റപത്രം വായന സംഘടിപ്പിക്കും. പോലീസിനെതിരെയുള്ള കുറ്റപത്രം തെയ്യാറാക്കുന്നതിലേക്ക് ജനുവരി 2 വരെ പൊതുജനങ്ങള്‍ക്കും നിര്‍ദ്ധേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കും. മണ്ഡലം കമ്മിറ്റിയുടെ ഇ മെയില്‍ ഐഡിയിലോ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിയുടെ വാട്‌സ് ആപ്പിലെ വിവരങ്ങള്‍ കൈമാറാവുന്നതാണ്.
ബൈക്കിലെ നിയമലംഘനങ്ങള്‍ പിടികൂടി കേസെടുക്കുന്നതില്‍ മാത്രമാണ് തിരൂരങ്ങാടി പോലീസിന്റെ ശ്രദ്ധ. സ്റ്റേഷന്‍ പരിധിയില്‍ മോഷണങ്ങള്‍ പെരുകുകയാണ്. ഈയിടെ നടന്ന ഒറ്റ മോഷണ കേസുകളില്‍ പോലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌കൂള്‍ മോഷണം, തിരൂരങ്ങാടി നഗരസഭ മോഷണം, തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മോഷണം എന്നിവയില്‍ സി.സി.ടി.വി ദൃശ്യമുണ്ടായിട്ട്് പോലും മോഷ്ടാക്കളെ പിടിക്കാന്‍ കഴിയാത്തത് പോലീസിന്റെ കഴിവ് കേടാണ്. വര്‍ഗ്ഗീയമായി ചിന്തിച്ച് പെറ്റിക്കേസുകളില്‍ വലിയ വകുപ്പ് ചാര്‍ത്തുന്നതും തിരൂരങ്ങാടിയിലലെ പോലീസ് തുടരുന്നുണ്ട്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FHe4puzUz5l4aryANMURgz


തൊണ്ടി മണല്‍ ഉപയോഗിച്ചുള്ള പോലീസ് സ്റ്റേഷന്‍ നവീകരണത്തിന് എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കുന്ന കേസ് ഇഴഞ്ഞാണ് നീങ്ങുന്നത്. പോലീസ് ഏജന്‍സി തന്നെ അന്വേഷിച്ചാല്‍ പോലീസിലെ കള്ളന്മാരെ കണ്ടെത്താനാകില്ല. പോലീസിലെ എല്ലാവരും കള്ളന്മാരല്ല. എങ്കിലും ചില കള്ളന്മാരും പോലീസിലുണ്ട്. 24 ലക്ഷം രൂപയുടെ നവീകരണത്തില്‍ പോലീസ് നിര്‍ബന്ധിത പണപ്പിരിവും നടത്തിയിട്ടുണ്ട്. തലപ്പാറ, കക്കാട്, കാച്ചടി, ചന്തപ്പടി, ചെമ്മാട്, പൂക്കിപറമ്പ് പ്രദേശങ്ങളിലെ കടകളില്‍ നിന്നും മറ്റുമാണ് പിരിവ് നടത്തിയിട്ടുള്ളത്. ഇത് അഴിമതിയും കൈക്കൂലിയുമാണ്. പോലീസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. ഒരു വിഭാഗത്തെ മനപ്പൂര്‍വ്വം ടാര്‍ജറ്റ് ചെയ്ത് കേസുകളെടുക്കുകയാണ്. ഇതിനായ മണല്‍ മാഫിയയെയാണ് കൂട്ടു പിടിക്കുന്നത്. കള്ളക്കേസുകളില്‍ മഹസറില്‍ സാക്ഷികളായി ഒപ്പിടുന്നത് മണല്‍മാഫിയയിലെ ആളുകളാണ്. ഇതു പൊലീസും മണല്‍ മാഫിയയും തമ്മിലുള്ള അവിഹിത ബന്ധമാണ് തെളിയിക്കുന്നത്. കൂടാതെ, വിവിധ കടകളില്‍ നിന്നും ആവശ്യത്തിലേറെ സാധനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ നവീകരണത്തിനായി വാങ്ങിയിട്ടുണ്ട്. ഇതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതാണ്. ഈ തുക അടിച്ചെടുക്കാനാണ് പിരിവ് നടത്തിയത്. മാത്രമല്ല, ചില പൊലീസുകാര്‍ വീട്ടാവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കുന്നതായി സംശയിക്കുന്നതായും മുസ്ലിം യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, മണ്ഡലം പ്രസിഡന്റ് പി അലി അക്ബര്‍, ജനറല്‍ സെക്രട്ടറി യു.എ റസാഖ്, ഉസ്മാന്‍ കാച്ചടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു

error: Content is protected !!