ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ പുതിയ വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചു

ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന  സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ (കെ.എസ്.എം.ഡി.എഫ്.സി) പുതിയ വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചു. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ‘സുമിത്രം’ എന്ന വിവിധോദേശ്യ വായ്പാ പദ്ധതിയാണ് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പദ്ധതിപ്രകാരം വിവാഹ വായ്പ, ചികിത്സവായ്പ, കോവിഡ് വായ്പ് എന്നിവയ്ക്ക് പ്രത്യേകം വായ്പ അനുവദിക്കും.  നിലവിലുള്ള സെക്യൂരിറ്റി വ്യവസ്ഥകള്‍ ഈ ലോണുകള്‍ക്കും ബാധകമാണ്. വിവാഹ വായ്പ പദ്ധതി പ്രകാരം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് രക്ഷിതാക്കള്‍ക്ക്  ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പയും ചികിത്സാ വായ്പ പ്രകാരം മാരകമായ അസുഖം വന്ന് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് അഞ്ച് ശതമാനം  പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.  കോവിഡ് പ്രതിസന്ധി മൂലം വരുമാന മാര്‍ഗം  നഷ്ടപ്പെട്ടവര്‍ക്ക് പുതിയ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും നിലവില്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് കച്ചവടം വിപുലീകരിക്കുന്നതിനും കോവിഡ് വായ്പ  പദ്ധതി പ്രകാരം അഞ്ച് ശതമാനം  പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പയും അനുവദിക്കും.
കോര്‍പ്പറേഷന്‍ നിലവിലുള്ള വായ്പാ പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എന്‍.എം.ഡി.എഫ്.സി വഴി നടപ്പിലാക്കി വരുന്ന ക്രെഡിറ്റ് ലൈന്‍ ഒന്ന് ആന്‍ഡ് രണ്ട് വിദേശ പഠനത്തിന് അനുവദിക്കുന്ന വിദ്യാഭ്യാസ വായ്പാ തുക 20 ലക്ഷത്തില്‍ നിന്നും 30 ലക്ഷമാക്കി ഉയര്‍ത്തി.  ഒരു വര്‍ഷം നല്‍കാവുന്ന പരമാവധി വായ്പ തുക ആറ് ലക്ഷം രൂപയാണ്. 
കെ.എസ്.എം.ഡി.എഫ്.സി ഫണ്ട് ഉപയോഗിച്ച് നല്‍കി വരുന്ന സ്വയം തൊഴില്‍, ബിസിനസ് വിപുലീകരണ വായ്പ എന്നിവയ്ക്ക് സംയുക്ത അപേക്ഷകരുടെ സംരഭങ്ങള്‍ക്കും വായ്പ അനുവദിക്കും. പ്രവാസി/വിസ ലോണിന്റെ വരുമാന പരിധി എല്ലാ മേഖലകളിലുള്ളവര്‍ക്കും (നഗരം/ഗ്രാമം)  ആറ് ലക്ഷമാക്കി വര്‍ധിപ്പിച്ച് പുതുക്കി നിശ്ചയിച്ചു. ഭവന വായ്പാ പദ്ധതി എപ്പോഴും അപേക്ഷിക്കാവുന്ന രീതിയിലേക്ക് മാറ്റുകയും പലിശ നിരക്ക് എട്ട് ശതമാനത്തില്‍ നിന്നും ആറ് ശതമാനമാക്കി കുറച്ചിട്ടുണ്ട്. താഴ്ന്ന വരുമാനമുള്ള ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് വിവിധോദേശ വായ്പയുടെ വരുമാന പരിധി ആറ് ലക്ഷം രൂപയാക്കി പുതുക്കി നിശ്ചയിച്ചു. വിദ്യാഭ്യാസ വായ്പ പ്രകാരം വായ്പാ തുക പരിധി 10 ലക്ഷത്തില്‍  നിന്നും 15 ലക്ഷമാക്കിയും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. അപേക്ഷകള്‍ www.ksmdfc.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോര്‍പ്പറേഷന്റെ അതത് റീജിയനല്‍ ഓഫീസുകളിലോ എത്തിക്കണം.

error: Content is protected !!