കോഴിക്കോട് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് കൊണ്ടോട്ടി ഇ എം ഇ എ കോളേജിലെ 2 വിദ്യാർഥികൾ മരിച്ചു

കോഴിക്കോട്: ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ അപകടത്തിൽ പെട്ടു. ഇവരിൽ രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർത്ഥികളായ അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്.

എ ആർ നഗർ പുകയൂർ ചെണ്ടപ്പുറായ അറക്കൽ പുറായ കൊടശ്ശേരി വീട്ടിൽ കുഞ്ഞിന്റെ മകൻ ബി-വോക് ലോജിസ്റ്റിക് വിദ്യാർഥി മുഹമ്മദ് അസ്ലം (21), ബികോം അവസാന വർഷ വിദ്യാർഥിയായ വേങ്ങര ചേറൂർ നത്തൻ കോടൻ മുഹമ്മദ് അർഷദ് (21) എന്നിവരാണ് മരിച്ചത്.

ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേൽ ഇപ്പോൾ കോഴിക്കോട് കെഎംസിടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം വിട്ട് അമ്പത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് മൂന്ന് പേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. നാട്ടുകാരാണ് താഴ്ചയിലേക്ക് ഇറങ്ങി അപകടത്തിപെട്ടവരെ ആശുപത്രിയിലാക്കിയത്. റോഡിൽ നിന്നും കുത്തനെയുള്ള താഴ്ചയാണിത്. അപകടത്തിന് ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിൽ താഴെയുള്ള തോടിലാണ് മൂന്ന് പേരെയും പരിക്കേറ്റ് കിടന്ന നിലയിൽ കണ്ടെത്തിയത്. കുത്തനെയുള്ള കാട് വെട്ടിത്തെളിച്ച് നാട്ടുകാരാണ് മൂന്ന് പേരെയും മുകളിലേക്ക് എത്തിച്ചത്.

മൂന്ന് പേരും ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാൻ പോയതാണെന്നാണ് വിവരം. മടങ്ങിവരും വഴിയാണ് റോഡിൽ നിന്ന് തെന്നിയ സ്കൂട്ടർ താഴ്ചയിലേക്ക് പതിച്ചത്. അസ്‌ലം, അർഷദ് എന്നിവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കും.

error: Content is protected !!