Tuesday, September 1

ദർസ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തിരുനാവായ: ദര്‍സ് കോളജ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ താമസസ്ഥലത്ത് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി പെരുവള്ളൂര്‍ കാടപ്പടി ഒറുവില്‍ ജംഷീറിന്റെയും ഷഹറാബാനുവിന്റെയും മകന്‍ മൊയ്തീന്‍ സാലിഹ് (11) ആണ് മരിച്ചത്. തിരുനാവായ കൈത്തക്കര ശൈഖുനാ അഹമ്മദുണ്ണി മുസ്‌ല്യാര്‍ മെമ്മോറിയല്‍ ഫിഹ്‌ളുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥിയാണ്. കോളജ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ മറ്റ് കുട്ടികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ 5 മണിയോടെ കുട്ടി തൂങ്ങിനില്‍ക്കുന്നത് മറ്റ് കുട്ടികളാണ് കണ്ടത്. തുടര്‍ന്ന് മുതിര്‍ന്നവരെ വിവരമറിയിച്ചു. കുട്ടിയുടെ ഇരട്ടസഹോദരന്‍ ഹുസൈന്‍ സാദിഖും ഇവിടെയാണ് പഠിക്കുന്നത്‌. ഇന്നലെ കുടുംബത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുവരും പുറത്തുപോയിരുന്നു. സഹോദരന് പനി ആയതിനാല്‍ തിരിച്ചു വന്നിരുന്നില്ല. മൊയ്തീന്‍ സാലിഹ് മാത്രമാണ് തിരിച്ചു  വന്നിരുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ നവാസ് ഷെരീഫും തിരുനാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുന്നത്ത് മുസ്തഫയും ആവശ്യപ്പെട്ടു. കല്‍പകഞ്ചേരി പൊലീസും മലപ്പുറത്ത് നിന്ന് ഫൊറന്‍സിക് അധികൃതരും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.