Monday, August 31

പ്രണയത്തെ എതിർത്ത് മദ്‌റസയിൽ ക്ലാസെടുത്തു, കാമുകി വിവരം നൽകിയതിനെ തുടർന്ന് മദ്റസാദ്ധ്യാപകനെ അക്രമിച്ച 3 പേർ പിടിയിൽ

തിരൂർ : തൃപ്രങ്ങോട്ട് മദ്‌റസ അധ്യാപകനെ പള്ളിയില്‍ ആക്രമിച്ച സംഘം അറസ്റ്റില്‍. മംഗലം മുട്ടനൂര്‍ കുന്നത്ത് മുഹമ്മദ് ഷാഫിയുടെ മകന്‍ മുഹമ്മദ് ഷാമില്‍ (20), മംഗലം കാവഞ്ചേരി മാത്തൂര്‍ വീട്ടില്‍ ഹംസയുടെ മകന്‍ മുഹമ്മദ് ഷാമില്‍ (22), കാവഞ്ചേരി പട്ടേങ്ങര മുഹമ്മദിന്റെ മകന്‍ ഖമറുദ്ധീന്‍ (22) എന്നിവരെയാണ് തിരൂര്‍ സി.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജുമാ മസ്ജിദിലെ മുക്രിയും മദ്റസ അധ്യാപകനുമായ ഫൈസല്‍ റഹ്മാന് സംഘത്തിന്റെ ക്രൂരമര്‍ദനമേറ്റത്.

വീഡിയോ

ബുധനാഴ്ച ഉച്ചയ്ക്കാണു സംഭവം. പള്ളിയിലെ വിശ്രമമുറിയിൽ ഇരിക്കുകയായിരുന്ന ഫൈസൽ റഹിമാനോടു പ്രാർഥിക്കാൻ വരണമെന്നു പറഞ്ഞാണ് സംഘമെത്തിയത്. പന്തികേട് തോന്നിയതോടെ കൂടെ പോയില്ല. ഇതോടെ ക്രൂരമായി മർദിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ
ഓടിയെത്തിയപ്പോഴേക്കും സംഘം കാറിൽ കയറി രക്ഷപ്പെട്ടു. പരുക്കേറ്റ ഫൈസൽ റഹ്മാനെ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പൊലീസിനെ വിവരമറിയിച്ചു. സിസിടിവി പരിശോധിച്ച പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. പ്രണയത്തെ എതിർത്ത് ഫൈസൽ റഹ്മാൻ മദ്രസയിൽ ക്ലാസെടുത്തിരുന്നു. ഇക്കാര്യം ഇവിടെ പഠിക്കുന്ന പെൺകുട്ടി യുവാക്കളോടു പറഞ്ഞു. ഇതാണു സംഘം അധ്യാപകനെ മർദിക്കാൻ കാരണമായതെന്നു പൊലീസ് പറയുന്നു.

മുട്ടനൂര്‍ സ്വദേശി മുഹമ്മദ് ഷാമില്‍ ആണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് സി.ഐ ജിജോ അറിയിച്ചു. സംഘം എത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.