Thursday, September 3

തൃശ്ശൂരില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗിയടക്കം മൂന്നുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്, വിവരമറിഞ്ഞ് അപകട സ്ഥലത്തേക്ക് പോയ മറ്റൊരു ആംബുലന്‍സും അപകടത്തില്‍പ്പെട്ടു

തൃശൂര്‍ : കുന്നംകുളം പന്തല്ലൂരില്‍ രോഗിയുമായി വന്ന ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞ് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ റഹ്‌മത്ത് (48), ബന്ധു ഫെമിന (30), ഭര്‍ത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.

കനത്ത മഴയില്‍ ആംബുലന്‍സ് നിയന്ത്രണം വിടുകയായിരുന്നു. ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഫെമിനയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴാണ് മരത്തിലിടിച്ച് മറിഞ്ഞത്. റഹ്‌മത്തിന്റെ മകന്‍ ഫാരിസ്, ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞ് അപകട സ്ഥലത്തേക്ക് പോയ മറ്റൊരു ആംബുലന്‍സ് കുന്നംകുളത്ത് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു.