Thursday, September 3

നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടന്‍ ടി പി മാധവന്‍ (89) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടര്‍ത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാകുകയും തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 600ലേറെ മലയാള ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. 30ലേറെ ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്.

ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു ടി.പി മാധവന്‍ താമസിച്ചിരുന്നത്. ഇവിടെ വച്ചായിരുന്നു ആരോഗ്യനില മോശമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ സ്ഥാപകാംഗമായ ടി.പി മാധവന്‍, സംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയാണ്.

2015 ഒക്ടോബറിലെ ഹിമാലയന്‍ യാത്രയ്ക്കിടെ ഹരിദ്വാറില്‍വച്ചു പക്ഷാഘാതം സംഭവിക്കുകയായിരുന്നു. കുടുംബവുമായി അകന്ന് തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ താമസിക്കുന്നതിനിടെ, സുഹൃത്തുക്കള്‍ ചേര്‍ന്ന് ആദ്ദേഹത്തെ ഗാന്ധിഭവനില്‍ കൊണ്ടാക്കുകയായിരുന്നു.

കേരള സര്‍വകലാശാല ഡീനും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി അധ്യക്ഷനുമായിരുന്ന ഡോ. എന്‍.പി. പിള്ളയുടെ മകനായ മാധവന്‍ 1935 നവംബര്‍ 7ന് തിരുവനന്തപുരം വഴുതക്കാടാണ് ജനിച്ചത്. സോഷ്യോളജിയില്‍ എംഎ ബിരുദധാരിയായ മാധവന്‍, 1960ല്‍ മുംബൈയില്‍ ഇംഗ്ലിഷ് പത്രത്തില്‍ സബ് എഡിറ്ററായാണു കരിയര്‍ തുടങ്ങിയത്. പിന്നീട് നടന്‍ മധുവുമായുള്ള സൗഹൃദത്തിലൂടെ നാടകത്തിലേക്കും സിനിമയിലേക്കുമെത്തുകയായിരുന്നു. നാല്പതാമത്തെ വയസില്‍ ആയിരുന്നു അദ്ദേഹം സിനിമയില്‍ തുടക്കം കുറിക്കുന്നത്.

1975ല്‍ കാമം ക്രോധം മോഹം എന്ന ചിത്രത്തിലൂടെയാണ് ടി പി മാധവന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായി. ശേഷം മക്കള്‍, അഗ്‌നിപുഷ്പം, പ്രിയംവദ, തീക്കനല്‍, മോഹിനിയാട്ടം, സീമന്തപുത്രന്‍, ശങ്കരാചാര്യര്‍, കാഞ്ചനസീത സന്ദേശം, വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം, വിയറ്റ്‌നാം കോളനി തുടങ്ങി അറുന്നൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. നിരവധി സീരിയലുകളിലും ടി പി മാധവന്‍ അഭിനയിച്ചിരുന്നു.