
ആക്രമണത്തിന് പിന്നിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണം; പ്രവർത്തകന് പൊലീസ് സംരക്ഷണം നൽകണം — വിവരാവകാശ കൂട്ടായ്മ
മലപ്പുറം: അനധികൃത ക്വാറി പ്രവർത്തനങ്ങൾക്കും പുഴയോരങ്ങളിലെ മണ്ണ് കൊള്ളയ്ക്കുമെതിരെ നിരന്തരം ശബ്ദമുയർത്തിവരുന്ന വിവരാവകാശ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ തുവക്കാട് സ്വദേശി മജീദ് മൊല്ലഞ്ചേരിക്ക് നേരെ ആക്രമണം. ആക്രമണത്തെ വിവരാവകാശ പ്രവർത്തകർ അപലപിച്ചു കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ ഇദ്ദേഹം ചികിത്സയിൽ കഴിയുകയാണ്.
അനധികൃത ക്വാറി പ്രവർത്തനങ്ങൾക്കെതിരായ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ഒരു സംഘം ആളുകൾ മജീദിനെ ആക്രമിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ അനധികൃത പാറമട പ്രവർത്തനങ്ങൾക്കും പുഴയോരങ്ങളിലെ മണ്ണ് കൊള്ളയ്ക്കുമെതിരെ വർഷങ്ങളായി വിവരാവകാശ നിയമം ഉപയോഗിച്ചും ദേശീയ ഹരിത ട്രൈബ്യൂണൽ ഉൾപ്പെടെയുള്ള നിയമവേദികളിലൂടെ ഇടപെട്ടും പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് മജീദ് മൊല്ലഞ്ചേരി. പരിസ്ഥിതി സംരക്ഷണത്തിനും നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങൾക്കെതിരായ നടപടികൾക്കുമായി അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്.
പൊതുതാൽപര്യ വിഷയങ്ങളിൽ വിവരാവകാശ നിയമം ഉപയോഗിച്ച് നിയമപരമായ ഇടപെടലുകൾ നടത്തുന്ന പ്രവർത്തകർക്കെതിരെ ആക്രമണമുണ്ടാകുന്നത് ജനാധിപത്യപരമായ ഇടപെടലുകളെയും പൗരാവകാശങ്ങളെയും ആശങ്കയിലാക്കുന്നതാണെന്ന് വിവരാവകാശ കൂട്ടായ്മ പ്രവർത്തകർ ചൂണ്ടിക്കാട്ടി. അനധികൃത ക്വാറി പ്രവർത്തനങ്ങൾക്കെതിരെ പരാതി നൽകുകയും നിയമനടപടികൾ ആവശ്യപ്പെടുകയും ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്വമാണെന്നും അവർ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് വിവരാവകാശ പ്രവർത്തകരായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, മുസ്തഫ മമ്പാട്, ഷംസു കോട്ടക്കൽ, എ.പി. അബൂബക്കർ മറ്റു നിരവധി പേർ രംഗത്തെത്തി. ആക്രമണത്തിന് പിന്നിലുള്ളവരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യുക, മജീദ് മൊല്ലഞ്ചേരിക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കുക, സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക, ജില്ലയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾക്കെതിരെ പരിശോധന നടത്തി നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിച്ചത്.
വിവരാവകാശ പ്രവർത്തകരെയും പരിസ്ഥിതി സംരക്ഷണത്തിനായി ഇടപെടുന്നവരെയും ഭീഷണിപ്പെടുത്തിയോ ആക്രമിച്ചോ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങൾ അനുവദിക്കരുതെന്നും നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങൾക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം തുവ്വക്കടവ് അങ്ങാടിയിൽ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരവും സംഘടിപ്പിക്കുന്നുണ്ട്. ആക്രമണത്തിനെതിരെ ജനകീയ പ്രതിഷേധം ഉയർത്തുന്നതിനൊപ്പം അനധികൃത ക്വാറി പ്രവർത്തനങ്ങൾക്കെതിരെ കർശനമായ നടപടികൾ ആവശ്യപ്പെടുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
ഫോട്ടോ ക്യാപ്ഷൻ: ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിവരാവകാശ–പരിസ്ഥിതി പ്രവർത്തകൻ മജീദ് മൊല്ലഞ്ചേരി.
