തിരൂരങ്ങാടി : ഈ വർഷത്തെ പരപ്പനങ്ങാടി ഉപജില്ല കേരള സ്കൂൾ കലോൽസവം നവംബർ 13ന് തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യും. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കെ പി എ മജീദ് എം എൽ എ മുഖ്യാതിഥിയാകും. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിലാണ് മുഖ്യപ്രഭാഷണം നിർവഹിക്കുന്നത്.
ഉപജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രഗൽഭരും പങ്കെടുക്കും.
നാലു ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ നൂറോളം വിദ്യാലയങ്ങളിലെ അയ്യായിരത്തിലധികം പ്രതിഭകൾ ഒൻപത് വേദികളിലായി മാറ്റുരയ്ക്കുന്നുണ്ട്.
തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഓറിയന്റൽ സ്കൂൾ എന്നിവിടങ്ങളിലായി ചിലങ്ക, നടനം, മയൂരം, തരംഗിണി, യവനിക, മുദ്ര,നാദം , കേളി എന്നിങ്ങനെ വേദികൾക്ക് നാമകരണം ചെയ്തിരിക്കുന്നു.
സ്കൂൾ കലാമേളയുടെ ഭാഗമായ അറബി കലോൽസവം, സംസ്കൃത കലോൽസവം, ഭിന്നശേഷി വിദ്യാർഥികളുടെ കലോൽസവം എന്നിവയും വിവിധ വേദികളിൽ നടക്കും.
മേളയുടെ സുഗമമായ നടത്തിപ്പിന് ജനപ്രതിനിധികളും അധ്യാപകരും ഉൾക്കൊള്ളുന്ന ഒരു ജനറൽ കമ്മിറ്റിയും പതിനൊന്ന് സബ്കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്.
16ന് വൈകുന്നേരം ആറുമണിക്ക് സമാപന സമ്മേളനം പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. സുഹറാബി ജനറൽ കൺവീനർ മുഹമ്മദലി. എൻ, പി.ടി.എ പ്രസിഡണ്ട് പി.എം അബ്ദുൽഹഖ്, എസ് എം.സി ചെയർമാൻ അബ്ദുറഹീം പൂക്കത്ത്, , പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഡോ.മുജീബ് റഹ്മാൻ.ടി, ഹെഡ് മാസ്റ്റർ ഫോറം കൺവീനർ കെ. കദിയാമു ടീച്ചർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. കെ സുധീർ, ഫുഡ് കമ്മിറ്റി കൺവീനർ മൂഹമ്മദ് ഷമീർ ടി.സി, ഓസ്കാർ അബ്ദുറഷീദ്, പച്ചായി മൊയ്തീൻ കുട്ടി, ഡോ. അനീസുദ്ദീൻ അഹ്മദ്, അബ്ദുന്നാസർ എൻ എന്നിവർ പങ്കെടുത്തു.