കല്പകഞ്ചേരി : ഉന്നത കുടുംബതിലെ 68 കാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്ലോഗറായ 28 വയസ്സുകാരിയും ഭർത്താവും അറസ്റ്റിൽ. വ്ലോഗർ റാഷിദ (28), ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദ് എന്നിവരെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കൽപകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് വ്ലോഗറായ റാഷിദ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭർത്താവ് നിഷാദ് കണ്ടതായി നടിച്ചില്ല. രഹസ്യമായി ഭർത്താവ് തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തു. ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിൽ സജീവമായ ദമ്പതികൾ 23 ലക്ഷം രൂപ തട്ടിയെടുത്തത്. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള 68കാരന്റെ പണം നഷ്ട മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കിയത്. ഉന്നത ഉദ്യോഗസ്ഥന്റെ പിതാവ് കൂടിയാണ് കെണിയിൽ പെട്ടയാൾ. കൽപകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ് ചെയ്തത്. യുവതിക്ക് ജാമ്യം അനുവദിച്ചു. ഭർത്താവിനെ റിമാൻഡ് ചെയ്തു.