
കുന്നംകുളം: ആർത്താറ്റ് പള്ളിക്കുസമീപം കുറുക്കൻപാറ സെന്ററിൽ കാർ ബൈക്കിലിടിച്ച് ദമ്പതികളും മൂന്നുവയസ്സുള്ള കുഞ്ഞും മരിച്ചു. ചാവക്കാട് എടക്കഴിയൂർ ഖാദിരിയ റോഡ് സ്വദേശി താഴത്ത് വീട്ടിൽ നൂറുദ്ദീൻ്റെ മകൻ മുനീർ (39), ഭാര്യ ഷഫ്ന (28), മകൻ മുഹമ്മദ് എമിൽ ഐബക്ക് (3) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.38 നാണ് അപകടം. വിവാഹത്തിൽ പങ്കെടുത്ത് ബുള്ളറ്റ് ബൈക്കിൽ മടങ്ങുകയായിരുന്നു കുടുംബം. മരിച്ച മുനീർ ഒരു മാസം മുമ്പാണ് ഗൾഫിൽ നിന്നെത്തിയത്. മദ്യലഹരിയിൽ ആയിരുന്ന നാലംഗ സംഘം സഞ്ചരിച്ച അമിത വേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടം വരുത്തിയ കാറിലുണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെട്ടു. ഇതിൽ ഉൾപ്പെട്ട തൃശൂർ ആർത്താറ്റ് സ്വദേശി ഏറത്ത് പറമ്പിൽ കുഞ്ഞിക്കുട്ടൻ്റെ മകൻ അജിത്ത് (35) നെ മുതുവട്ടൂർ രാജ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിലയിൽ കണ്ടെത്തി. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാർ ഓടിച്ചിരുന്ന ബെൻ ഒളിവിലാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കബറടക്കം നടക്കും.
