
നന്നമ്പ്ര: പ്രായത്തിന്റെ പകുതി ദൂരം ഓടി 43-ാം ജന്മദിനം ആഘോഷിച്ച് താനൂർ തെയ്യാല സ്വദേശി ഫസൽ പലേക്കോടൻ. ഖത്തർ അൽ റയാൻ ബാങ്ക് ജീവനക്കാരനായ ഫസൽ ജന്മദിനത്തിൽ 21.5 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയത്.ലീവിന് നാട്ടിലെത്തിയതാണ് ഫസൽ.പാണ്ടിമുറ്റത്ത് നിന്നാരംഭിച്ച ഓട്ടം ഒഴൂർ, താനാളൂർ പഞ്ചായത്തുകളിലൂടെ കടന്ന് പാണ്ടിമുറ്റത്ത് തന്നെ തിരിച്ചെത്തുന്ന തരത്തിലായിരുന്നു ക്രമീകരിച്ചത്.ഓട്ടം,സൈക്ലിംഗ്, നടത്തം തുടങ്ങിയ വ്യായാമങ്ങളുടെ ദൂരം, സമയം, വേഗത, പ്രകടനം എന്നിവ ട്രാക്ക് ചെയ്ത് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന സ്ട്രാവ ആപ്പിലാണ് ഫസൽ ജന്മദിന ഓട്ടവും പങ്കുവെച്ചിട്ടുള്ളത്.
കഴിഞ്ഞ അഞ്ച് വർഷമായി ഓട്ടവും വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കിയ ഫസലിന്റെ ആരോഗ്യയാത്രയിൽ കൊളസ്ട്രോൾ വർധിച്ചതാണ് വഴിത്തിരിവായത്. തുടർന്ന് വ്യായാമം, ഭക്ഷണനിയന്ത്രണം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി. ഇതിലൂടെ ആരോഗ്യത്തിൽ ഗുണകരമായ മാറ്റങ്ങൾ അനുഭവപ്പെട്ടതായി ഫസൽ പറയുന്നു.
തിരക്കേറിയ ജീവിതവും ദീർഘനേരം ഇരുന്നുള്ള ജോലിയും വ്യായാമക്കുറവും ക്രമരഹിതമായ ഭക്ഷണശീലങ്ങളും ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, ദിവസവും കുറച്ചുസമയം ശരീരത്തിനായി മാറ്റിവയ്ക്കണമെന്നാണ് ഫസലിന്റെ സന്ദേശം. നടക്കൽ, ഓട്ടം, സൈക്കിൾ സവാരി, നീന്തൽ തുടങ്ങിയവയിൽ താൽപര്യത്തിനും ആരോഗ്യസ്ഥിതിക്കും അനുയോജ്യമായത് തിരഞ്ഞെടുക്കാം. ചെറിയ സമയത്തുനിന്ന് ആരംഭിച്ച് അത് പതിവാക്കുന്നതാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു.
ഭക്ഷണക്രമത്തിലും നിയന്ത്രണം വേണം. അമിതമായ പഞ്ചസാര, ഉപ്പ്, എണ്ണയിൽ വറുത്തതും അമിതമായി സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ കുറച്ച് പച്ചക്കറികൾ, പഴവർഗങ്ങൾ, മുട്ട ഉൾപ്പെടെയുള്ള പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തിയ സമീകൃതാഹാരം ശീലമാക്കണമെന്നാണ് നിർദേശം.
ഓട്ടമത്സരങ്ങളിലും ഫസൽ സജീവമാണ്. 2023-ൽ ഖത്തർ ഈസ്റ്റ്–വെസ്റ്റ് അൾട്രാ മാരത്തണിൽ 90 കിലോമീറ്റർ സോളോ വിഭാഗത്തിലും, 2024-ൽ ഖത്തർ ഫുൾ മാരത്തണിൽ 42 കിലോമീറ്റർ വിഭാഗത്തിലും, 2025-ൽ ഖത്തർ ഒളിമ്പിക് കമ്മിറ്റി മാരത്തണിൽ 21 കിലോമീറ്റർ വിഭാഗത്തിലും, 2026-ൽ ഊറീദു മാരത്തണിൽ 21 കിലോമീറ്റർ വിഭാഗത്തിലും പങ്കെടുത്തു.അധ്യാപക ദമ്പതികളായ പരേതനായ പലേക്കോടൻ അബൂബക്കറിന്റെയും ഒടയപുറത്ത് ഫാത്തിമത്ത് സുഹ്റയുടെയും മകനാണ്.ഭാര്യ:അദീബ എൻ.എൻ.മക്കൾ:റയാൻ, റിഫ്ദ, റിദ്‌വ.
