സമൂഹ നവീകരണത്തിന്റെ ആദ്യഘട്ടമാണ് ഉന്നതവിദ്യാഭ്യാസം ; ഋഷിരാജ് സിംഗ് ഐ.പി.എസ്

തിരൂരങ്ങാടി : കുണ്ടൂർ പി എം എസ്‌ ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം നടത്തി.കോളേജ് ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച രാവിലെ 9.30 ന് നടന്ന പരിപാടി മുൻ ഡിജിപി യും ജയിൽ വകുപ്പുമേധാവിയുമായിരുന്ന ഋഷിരാജ് സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. നല്ല വിദ്യാർത്ഥി സമൂഹമാണ് രാജ്യത്തിന്റെ നട്ടെല്ലെന്നും ഭാവി രൂപീകരണത്തിന്റെയും ഒപ്പം സമൂഹ നവീകരണത്തിന്റെയും ആദ്യപടിയായി ഉന്നത വിദ്യാഭ്യാസമേഖലയെ കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ലഹരി വിമുക്ത ഇന്നുകൾ’ എന്ന വിഷയത്തിൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ ലഹരി വിമുക്ത പദ്ധതിയായ നഷാ മുക്ത് ഭാരത് അഭിയാന്റെ മലപ്പുറം ജില്ലാ കോർഡിനേറ്റർ ബി ഹരികുമാർ ക്ലാസെടുത്തു. കുടുംബാന്തരീക്ഷവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുക വഴി ലഹരിയിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുദിവസം നീണ്ട പരിപാടിയിൽ ജീവിതഗന്ധിയായ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി.സലീം ക്ലാസെടുത്തു.സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ക്ലാസിന്റെ ഉദ്ഘാടനം താനൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മൂസ വള്ളിക്കാടൻ നിർവഹിച്ചു. കൗമാരക്കാരിൽ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നതായി ക്ലാസ് നയിച്ച താനൂർ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. സലേഷ് വിദ്യാർഥികളെ ഓർമ്മിപ്പിച്ചു. ഇന്റർനെറ്റിന്റെ അമിതോപയോഗം നിയന്ത്രിക്കാനുള്ള മാർഗനിർദ്ദേശങ്ങളും നൽകി.

പ്രിൻസിപ്പൽ പ്രൊഫ. കെ.ഇബ്രാഹിം അധ്യക്ഷനായ പരിപാടിയിൽ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളായ എൻ.പി.ആലിഹാജി, കെ.കുഞ്ഞിമരക്കാർ, സി.ചെറിയാപ്പു ഹാജി, എം.സി ഹംസക്കുട്ടി ഹാജി, എം.സി. ബാവ ഹാജി, വിവിധ വകുപ്പ് തലവന്മാർ എന്നിവർ ആശംസകൾ അറിയിച്ചു. മലയാളം ഡിപ്പാർട്ട്മെന്റ് അധ്യാപിക സരിത.കെ സ്വാഗതവും കോളേജ് പി.ടി.എ സെക്രട്ടറി അബ്ദുല്ല മൻസൂർ നന്ദിയും പറഞ്ഞു

error: Content is protected !!