Sunday, October 25

വിദ്യാർത്ഥി പങ്കാളിത്തത്തോടെയുള്ള റിലീഫ് പ്രവർത്തനം മാതൃകാപരം: മന്ത്രി അഡ്വ. എൻ. ഷംസുദ്ധീൻ

എം.എ ഹയർ സെക്കൻഡറി സ്കൂൾ ചാരിറ്റി വിങ് നന്നമ്പ്ര സി.എച്ച് സെന്ററിന് വാഹനം കൈമാറി

തിരൂരങ്ങാടി: വിദ്യാർത്ഥി പങ്കാളിത്തത്തോടെയുള്ള റിലീഫ് പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ധീൻ പറഞ്ഞു. നന്നമ്പ്ര സി.എച്ച് സെന്ററിന് കീഴിൽ ആരംഭിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പീസ് (പി.ടി.എച്ച്) പാലിയേറ്റീവ് ഹോം കെയർ പദ്ധതിക്കായി എം.എ ഹയർ സെക്കൻഡറി സ്കൂളിലെ ചാരിറ്റി വിങ് സംഭാവന ചെയ്ത വാഹനം കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാർത്ഥികളിൽ സേവനമനോഭാവവും സഹജീവികളോടുള്ള കരുതലും വളർത്തുന്നതിൽ ഇത്തരം റിലീഫ് പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. നിരവധി നിർധന കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകി മാതൃക സൃഷ്ടിച്ച എം.എ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ, ഇത്തവണ രോഗികൾക്ക് ആശ്വാസമേകുന്ന പാലിയേറ്റീവ് ഹോം കെയർ പദ്ധതിക്കായി വാഹനം സംഭാവന ചെയ്തതും ഏറെ അഭിനന്ദനാർഹമാണ്. വിദ്യാർത്ഥികളിൽ ധാർമികബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

സേവന-സാന്ത്വന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ മാതൃകകൾ തീർക്കുന്ന എം.എ ഹയർ സെക്കൻഡറി സ്കൂളിലെ റിലീഫ് വിങ് വിദ്യാർത്ഥികൾ സ്വരൂപിച്ച തുക ഉപയോഗിച്ചാണ് സി.എച്ച് സെന്ററിന് വാഹനം നൽകിയത്. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള രോഗികൾക്ക് വീടുകളിലെത്തി സേവനം ലഭ്യമാക്കുന്ന പി.ടി.എച്ച് ഹോം കെയർ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് വാഹനം വലിയ സഹായമാകും.

ചടങ്ങിനെത്തിയ മന്ത്രിയെയും വിശിഷ്ടാതിഥികളെയും ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് സ്വീകരിച്ചു.

പി.എം.എ. സമീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ. മജീദ് മുഖ്യാതിഥിയായി. പി.കെ. അബ്ദുറബ്ബ്, ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ് കുറ്റൂർ, പച്ചായി മൊയ്തീൻകുട്ടി മാസ്റ്റർ, സ്കൂൾ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി, റൈഹാനത്ത് തിലായിൽ, സി. അബൂബക്കർ ഹാജി, തസ്‌ലീമ നൗഷാദ്, ഷാഫി പൂക്കയിൽ, പത്തൂർ മൊയ്തീൻ ഹാജി, പ്രിൻസിപ്പൽ ടി.ടി. നജീബ് മാസ്റ്റർ, പി.വി. കോമുക്കുട്ടി ഹാജി, പനക്കൽ സിദ്ദീഖ്, പനക്കൽ മുജീബ്, എ.കെ. നസീർ മാഹിരി, ഫൈസൽ തേറാമ്പിൽ, എൻ.പി. ആലി ഹാജി, റഷീദ ടീച്ചർ, തേറാമ്പിൽ അസൈനാർ ഹാജി, കെ. കുഞ്ഞിമരക്കാർ, മതാരി അബ്ദുറഹ്മാൻകുട്ടി ഹാജി, യു.എ. റസാഖ് എന്നിവർ പ്രസംഗിച്ചു.

പി.പി. കബീർ, ഹക്കീം മൂച്ചിക്കൽ, വി.പി. സഹദ്, ഇസ്ഹാഖ് വെള്ളിയാമ്പുറം, ഒടിയിൽ പീച്ചു, സി. ജമീല അബൂബക്കർ, അബ്ബാസ് നീലങ്ങത്ത്, ഒടിയിൽ കുഞ്ഞ, സലാം ഹാജി പനമ്പിലായി, അമ്പരക്കൽ റൈഹാനത്ത്, കക്കുന്നത്ത് സൈലവി ഹാജി, മറ്റത്ത് അവറാൻ ഹാജി, പൂഴിത്തറ കമ്മുക്കുട്ടി ഹാജി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ഫോട്ടോ ക്യാപ്ഷൻ: നന്നമ്പ്ര സി.എച്ച് സെന്ററിന് കീഴിലെ പി.ടി.എച്ച് പാലിയേറ്റീവ് ഹോം കെയർ പദ്ധതിക്കായി എം.എ ഹയർ സെക്കൻഡറി സ്കൂളിലെ ചാരിറ്റി വിങ് സംഭാവന ചെയ്ത വാഹനം മന്ത്രി അഡ്വ. എൻ. ഷംസുദ്ധീനും വിദ്യാർത്ഥികളും ചേർന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾക്ക് കൈമാറുന്നു.