പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അറ്റ്ലസ് ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്.
വൈശാലി, വസ്തുഹാര, സുകൃതം തുടങ്ങിയ സിനിമകൾ നിർമിച്ചു. അറബിക്കഥ ഉൾപ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര, മക്കള്‍ : ഡോ. മഞ്ജു, ശ്രീകാന്ത്.
മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത മുഖമാണ് അറ്റ്ലസ് രാമചന്ദ്രന്‍റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കേട്ടിട്ടുള്ള ഒരാള്‍ പോലും ആ മുഖം മറക്കാന്‍ സാധ്യതയില്ല. തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയില്‍ സുപ്രസിദ്ധനായിരുന്നു എം എം രാമചന്ദ്രന്‍. നിശ്ചയദാര്‍ഢ്യവും പോരാട്ടവും കൊണ്ട് തന്റേതായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ എംഎം രാമചന്ദ്രന്‍ എന്ന അറ്റ്‌ലസ് രാമചന്ദ്രന്‍, ജീവിതത്തിലെ കൊടിയ പ്രതിസന്ധികളിയും പുഞ്ചിരിയോടെ പിടിച്ചുനിന്ന അപൂര്‍വ വ്യക്തിത്വത്തിനുടമാണെന്ന് നിസംശയം പറയാം.
നല്ല നിലയില്‍ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയില്‍ സംഭവിച്ച കോടികളുടെ കടബാധ്യത അറ്റ്ലസ് രാമചന്ദ്രനെ വലച്ചിരുന്നു. കടബാധ്യതകളെ തുടര്‍ന്ന് അദ്ദേഹം ജയില്‍ ശിക്ഷയും നേരിടേണ്ടി വന്നിരുന്നു. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനേത്തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ അറസ്റ്റിലായിരുന്നു. ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്‍റെ മോചനത്തിനായി പരിശ്രമിച്ചിരുന്നു.
കാനറാ ബാങ്ക് ജീവനക്കാരനായാണ് അറ്റ്ലസ് രാമചന്ദ്രന്‍ കരിയര്‍ ആരംഭിച്ചത്.1974 മാര്‍ച്ചിലാണ് അദ്ദേഹം കുവൈത്തിലേക്ക് പോവുന്നത്. കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈത്തിലെ ജോലിക്കിടയിലാണ് ജ്വല്ലറി ബിസിനസിലേക്ക് തിരിഞ്ഞത്. 1981 ഡിസംബറിലാണ് അറ്റ്ലസ് രാമചന്ദ്രന്‍ ആദ്യത്തെ ജ്വല്ലറി തുടങ്ങിയത്. മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൌദി അറേബ്യ എന്നിവിടങ്ങളിലായി 48 ശാഖകള്‍ ഉണ്ടായിരുന്നു.
പ്രവാസികള്‍ക്കിടയിലെ മികച്ച സാംസ്കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. ഗള്‍ഫ് മേഖലയിലെ നിരവധി കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ഹെല്‍ത്ത് കെയര്‍ രംഗത്തും റിയല്‍ എസ്റ്റേറ്റ് രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചു. അറ്റ്ലസ് ഹെല്‍ത്ത് കെയര്‍ ആശുപത്രി നിരവധി മലയാളികള്‍ക്ക് സഹായകരമായിരുന്നു.