പഠിച്ചിറങ്ങിയ കലാലയ മുറ്റത്ത് പഠനോപകരണങ്ങളുമായി അവർ തിരികെയെത്തി

തിരൂരങ്ങാടി : 1983-85 കാലഘട്ടത്തിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നിന്ന് പ്രീഡിഗ്രി സെക്കൻ്റ് ഗ്രൂപ്പിലെ മോണിംഗ് ബാച്ചിൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയവർ 85 പേരുണ്ടായിരുന്നു. 2017ൽ അവരിൽ കുറേ പേർ വീണ്ടും കണ്ടുമുട്ടി. ഒരു വാട്സാപ് ഗ്രൂപ്പുണ്ടാക്കി ബാക്കിയുള്ളവരെ കൂടി കണ്ടെത്താൻ ശ്രമം തുടങ്ങി. എഴുപത്തിയഞ്ചോളം പേരെ വൈകാതെ തന്നെ അവർക്ക് കണ്ടെത്താനായി. പിന്നീട് പല തവണ അവർ ഒത്തുകൂടി. ഇങ്ങിനെയൊരു സംഗമത്തിനിടയിലാണ് കോളേജിലെ നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട്, തങ്ങൾ പഠിച്ച കലാലയത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചർച്ചയുണ്ടാകുന്നത്. നാക് സംഘം പരിശോധനക്ക് എത്തുന്നതിന് മുൻപ് കുറച്ച് ക്ളാസ് മുറികളിൽ കൂടി ഐ.സി.ടി ഉപകരണങ്ങൾ സ്ഥാപിക്കേണ്ടതുണ്ട് എന്ന പ്രിൻസിപ്പാൾ ഡോ.അസീസിൻ്റെ നിർദ്ദേശം ഈ ബാച്ച് ഏറ്റെടുക്കുകയായിരുന്നു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs

ബാക്കിയുള്ള മുഴുവൻ ക്ളാസ് മുറികളിലേക്കും ആവശ്യമായ സ്മാർട്ട് ടി.വി കളും മറ്റ് അനുബന്ധ ഉപകരണങ്ങളുമായി കഴിഞ്ഞ ദിവസം അവർ വീണ്ടും അവരുടെ പ്രിയപ്പെട്ട കലാലയത്തിലെത്തി. ഈ ബാച്ചിൻ്റെ പ്രതിനിധികളായ, ഹനീഫ പുതുപറമ്പ്, ഡോ.ഹാറൂൺ അബ്ദുൽ റഷീദ്, പ്രഭ കുമാർ എന്നിവരിൽ നിന്ന് പി.എസ്.എം.ഒ കോളേജിന് വേണ്ടി മാനേജർ എം.കെ.ബാവ, പ്രിൻസിപ്പാൾ ഡോ.അസീസ്, സി.എച്ച് മഹ്മൂദ് ഹാജി, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, അലുംനി അസോസിയേഷൻ പ്രതിനിധി ഷാജു എന്നിവർ ചേർന്ന് അവ ഏറ്റുവാങ്ങി.
വർഷങ്ങൾക്ക് മുൻപ് ഒരുമിച്ച് പഠിച്ച പലരും ജീവിതത്തിൻ്റെ വ്യത്യസ്തമായ മേഖലകളിൽ എത്തിക്കഴിഞ്ഞിരുന്നു. പെരിന്തൽമണ്ണയിലെ ഡോ.ബി.കെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് കെയർ ആൻ്റ് റിസേർച്ച് ഹോസ്പിറ്റൽ ഉടമ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ.കെ.പി.ബാലകൃഷ്ണൻ, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്ത് മെമ്പർ എന്നീ പദവികൾ വഹിച്ച, തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളേജിലെ നോൺ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെൻ്റ് മേധാവിയും, ഇംഗ്ലീഷ് ലക്ചററുമായ ഹനീഫ പുതുപറമ്പ്, വെറ്ററിനറി ഡിപ്പാർട്ട്മെൻ്റിലെ ഉയർന്ന തസ്തികയിലുള്ള പ്രശസ്ത ട്രെയിനർ കൂടിയായ ഡോ.ഹാറൂൺ അബ്ദുൽ റഷീദ്, വേങ്ങര നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന അഡ്വ.പി.പി ബഷീർ, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പത്നി സുൽഫത്ത് ബീവി,ജില്ലാ വെറ്ററിനറി ഓഫീസർ ഡോ.പി.യു. അസീസ്, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസർ പി.പി. റുഖിയ, വിവിധ ആശുപത്രികളിൽ ഡോക്ടർമാരായി സേവനം ചെയ്യുന്ന അനിൽകുമാർ, മീനാക്ഷി, നഫീസ, വിവിധ സ്കൂളുകളിലായി എച്ച്.എം മാരായി ജോലി ചെയ്യുന്ന പത്തോളം അധ്യാപകർ ഇങ്ങിനെ വ്യത്യസ്ത തുറകളിലായി പലരും സേവനം ചെയ്യുന്നു. ഇത്തവണത്തെ അവരുടെ കൂടിച്ചേരലും ഐ.സി.ടി ഉപകരണങ്ങളുടെ കൈമാറ്റച്ചടങ്ങും എന്തുകൊണ്ടും ഹൃദ്യമായ ഒരു അനുഭവമായി മാറി. ഈ മാസം 10 മുതലാണ് നാക് സംഘം പരിശോധനക്കായി പി.എസ്.എം. ഒ കോളേജിൽ വീണ്ടും എത്തുന്നത്. ഏറ്റവും ആവശ്യമായ ഘട്ടത്തിൽ പൂർവ്വ വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ച ഈ സഹായം വളരെ വിലപ്പെട്ടതാണെന്ന് മാനേജർ എം.കെ.ബാവ, പ്രിൻസിപ്പാൾ ഡോ.അസീസ് എന്നിവർ അറിയിച്ചു.

error: Content is protected !!