200 കിലോ കഞ്ചാവുമായി യുവതിയുൾപ്പെടെ 3 പേർ പിടിയിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ 22 കാരിയും സംഘവും പിടിയിൽ. ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന 200 കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ അങ്കമാലി കറുകുറ്റി ദേശീയപാതയിൽ നിന്നും രണ്ട് കാറുകളിലായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.

കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ് (41) പൊക്കൽ സ്വദേശി ഫൈസൽ (35) തിരുവനന്തപുരം ശംഖുമുഖം സ്വദേശിനി വർഷ (22) എന്നിവരെയാണ് പിടിയിലായത്.

രണ്ട് കിലോ വീതമടങ്ങുന്ന പ്രത്യേക ബാഗുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ആന്ധ്രയിൽ നിന്നും 2000 മുതൽ 3000 രൂപക്കാണ് കഞ്ചാവ് ഇവർ വാങ്ങിയിരുന്നത്. അത് കേരളത്തിലെത്തിച്ച് 20,000 മുതൽ 30,000 രൂപക്ക് വരെയാണ് വില്പന നടത്തുന്നത്. പെരുമ്പാവൂരിലേക്കാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. പിടിയിലായ അനസ് ഇതിന് മുൻപും കഞ്ചാവ് കേസിൽ ഉൾപ്പെട്ടയാളാണ്.

ഒരു വർഷത്തിനുള്ളിൽ 300 കിലോയിലധികം കഞ്ചാവാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എറണാകുളം റൂറൽ പോലീസ് പിടികൂടിയത്. ഇതിന്റെ ഭാഗമായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നാർകോട്ടിക്സ് സെൽ ഡി.വൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി, എസ്.എച്ച്.ഒ മാരായ സോണി മത്തായി, കെ.ജെ.പീറ്റർ, പി.എം.ബൈജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കഞ്ചാവ് കടത്തിയ കേസ് അന്വേഷിക്കുന്നത്.

error: Content is protected !!