കൊണ്ടോട്ടി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ അവലോകന യോഗം ടി.വി. ഇബ്രാഹീം എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്നു. ആറ് ഗ്രാമ പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ വഴിയും കൊണ്ടോട്ടി നഗരസഭയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ഡലത്തിലെ പുളിക്കൽ, ചെറുകാവ്, വാഴയൂർ, വാഴക്കാട് ചീക്കോട്, മുതുവല്ലൂർ ഗ്രാമ പഞ്ചായത്തുകളിൽ ജലജീവൻ മിഷനിൽ കേന്ദ്രസർക്കാറിന്റെ ഐ.എം.ഐ.എസ് ലിസ്റ്റിൽ ഉള്ള 44471 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കുടിവെള്ളം നൽകുന്നത്. ഇതിൽ 4610 കുടുംബങ്ങൾക്ക് വിവിധ പദ്ധതികളിൽ നിന്നും വെള്ളം നിലവിൽ ലഭിക്കുന്നുണ്ട്. ബാക്കിയുള്ളതിൽ
27552 കുടുംബങ്ങൾക്ക് ഇതിനകം കണക്ഷൻ നൽകി. പൊതുമരാമത്ത് നാഷണൽ ഹൈവേ റോഡുകളിലെ ക്രോസിങ്ങിനുള്ള അനുമതി ലഭിക്കാത്ത കാരണം കണക്ഷൻ നൽകിയ മുഴുവൻ പേർക്കും വെള്ളം എത്തിയിട്ടില്ല.13782 വീടുകളിൽ ഇതിനകം കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞു. ഡിസംബർ അവസാനത്തോടെ ഊർജ്ജിത ശ്രമങ്ങളിലൂടെ പരമാവധി കണക്ഷൻ നൽകുന്നതിന് പരിപാടികൾ ആവിഷ്ക്കരിച്ചു. ഇതിനായി ഒരോ പഞ്ചായത്തുകളിലും പഞ്ചായത്ത് അംഗങ്ങളും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗങ്ങൾ നവംബർ മൂന്നു മുതൽ ഒൻപത് വരെ തീയതികളിലായി നടക്കും. ഇപ്പോൾ കണക്ഷൻ ലഭിക്കാത്തവർക്ക് കണക്ഷൻ നൽകുന്നതിന് പുതിയ പ്രൊപ്പോസലും ഉണ്ടാക്കും.
കേന്ദ്രാവിഷ്കൃത പദ്ധതിയായ ജെ.ജെ. മിഷൻ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിട്ട് നിൽക്കുന്ന മണ്ഡലമാണ് കൊണ്ടോട്ടി. ചീക്കോട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി ശുദ്ധീകരണ ശാലയും ടാങ്കുകളും നേരത്തെ തന്നെ പ്രാവർത്തികമായതാണ് ഇതിന് കാരണം. കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിൽ 108 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
യോഗത്തിൽ ടി.വി. ഇബ്രാഹീം എം.എൽ.എ. നഗരസഭാ ചെയർപേഴ്സൺ സി.ടി. ഫാത്തിമത്ത് സുഹ്റ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. കെ. മുഹമ്മദ് മാസ്റ്റർ, പി.കെ.അബ്ദുള്ളക്കോയ , പി കെ ബാബു രാജ്,എളങ്കയിൽ മുംതാസ്, സി.വി. സക്കറിയ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.കെ.സി. അബ്ദുറഹിമാൻ, സുഭദ്ര , എം.പി. ഷരീഫ ടീച്ചർ. നഗരസഭാ സ്ഥിരം സമിതി അംഗങ്ങളായ അശ്റഫ് മടാൻ , എ. മൊയ്തീൻ അലി, റംല കൊടവണ്ടി ,വാട്ടർ അതോറിട്ടി സൂപ്രണ്ടിങ്ങ് എഞ്ചിനീയർ വി.പ്രസാദ്, എക്സികുട്ടീവ് എഞ്ചിനിയർ എം.എസ് അൻസാർ, എ. എക്സി. പി.കെ. റഷീദലി, എ.ഇ. മാരായ യു.കെ സത്യൻ, പി.ശിബിൻ അശോക് വിവിധ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ , കരാറുകാർ, വാട്ടർ അതോറിറ്റി ഓവർസിയന്മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.